ഖത്തർ എയർവേയ്‌സ് സൗദി അറേബ്യയിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു.തബൂഖ്, അൽ ഉല എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. കൂടാതെ യാൻബുവിലേക്കുള്ള സർവീസ് പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഈ മാസം 29ന് അൽ ഉലയിലേക്കും ഡിസംബർ ആറിന് യാൻബുവിലേക്കും 14ന് തബൂക്കിലേക്കുമാണ് സർവീസ് തുടങ്ങുക. അൽ ഉലയിലേക്ക് ആഴ്ചയിൽ രണ്ടും യൻബുവിലേയ്ക്കും തബൂക്കിലേക്കും മൂന്നും വീതവുമാണ് സർവീസ്.
നിലവിൽ ദമാം, ജിദ്ദ, ഗാസിം, മദീന, തെയ്ഫ്, റിയാദ് എന്നിവിടങ്ങളിലേക്കാണ് ഖത്തർ സർവീസ് നടത്തുന്നത്. എന്നാൽ പുതിയ മൂന്ന് നഗരങ്ങളിലേക്ക് കൂടി സർവീസ് തുടങ്ങുന്നതോടെ ഖത്തർ എയർവേയ്‌സിന്റെ സർവീസുകൾ സൗദിയുടെ ഒൻപത് നഗരങ്ങളിലേക്ക് വ്യാപിക്കും. സൗദിയുടെ സാംസ്‌കാരിക, ചരിത്ര വിസ്മയങ്ങൾ ഏറെയുള്ള നഗരങ്ങളായതിനാൽ ഇവിടേയ്ക്കുള്ള യാത്രകൾ എളുപ്പമാകുമെന്നാണ് വിലയിരുത്തുന്നത്. പുതിയ മൂന്ന് നഗരങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഖത്തർ എയർവേയ്‌സിന്റെ വെബ്‌സൈറ്റിൽ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.