ഖത്തർ ആതിഥേയത്വം വഹിക്കുന്ന രാജ്യാന്തര ഹോർട്ടികൾചറൽ എക്‌സിബിഷനിൽ (എക്‌സ്‌പോ 2023 ദോഹ) 80 രാജ്യങ്ങൾ പങ്കാളികളാകും. എക്സ്പോയിലേക്ക് പ്രതീക്ഷിക്കുന്നത് 30 ലക്ഷം സന്ദർശകരെയാണ്. 2023 ഒക്‌ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ നടക്കുന്ന എക്‌സ്‌പോയ്ക്ക് ദോഹ കോർണിഷിലെ അൽ ബിദ പാർക്കിലാണ് വേദിയൊരുക്കുക.
‘ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി’ എന്ന പ്രമേയത്തിൽ ഒരുങ്ങുന്ന എക്‌സ്‌പോയിൽ 80 രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്ത കമ്പനികൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവ പങ്കെടുക്കും. കാർഷിക മേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടാൻ പര്യാപ്തമായ നൂതന സാങ്കേതിക വിദ്യകളും പരിഹാരങ്ങളും എക്‌സ്‌പോയിൽ അവതരിപ്പിക്കുമെന്ന് എക്‌സ്‌പോ ദേശീയ കമ്മിറ്റി സെക്രട്ടറി ജനറലും നഗരസഭ മന്ത്രാലയം പബ്ലിക് പാർക്ക് വകുപ്പ് ഡയറക്ടറുമായ മുഹമ്മദ് അലി അൽ ഖൗരി വ്യക്തമാക്കി.
ഖത്തർ സർവകലാശാല, ഹമദ് ബിൻ ഖലീഫ സർവകലാശാല, ഖത്തർ ഫൗണ്ടേഷൻ എന്നിവയുൾപ്പെടെ ഖത്തറിലെ പ്രാദേശിക, രാജ്യാന്തര കമ്പനികളുടെയും സർവകലാശാലകളുടെയും പങ്കാളിത്തമുണ്ടാകും. കൃഷി, ലാൻഡ്‌സ്‌കേപ്പ് എന്നിവയിലുൾപ്പെടെ കാർഷിക മേഖലയെ ശക്തിപ്പെടുത്താനുള്ള ഗവേഷണങ്ങളും സർവകലാശാലകൾ അവതരിപ്പിക്കും. 6 മാസം നീളുന്ന എക്‌സ്‌പോയുടെ ഭാഗമായി നിരവധി ഇവൻ്റുകളും നടക്കും.
ഫിഫ ലോകകപ്പിന് ശേഷം ഖത്തറിൽ അരങ്ങേറുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഇവന്റാണിത്. 179 ദിവസം നീളുന്ന എക്‌സ്‌പോയിൽ രാജ്യാന്തരം, സാംസ്‌കാരികം, കുടുംബം എന്നിങ്ങനെ 3 വിഭാഗങ്ങളായി തിരിച്ചാണ് പവിലിയനുകൾ സജ്ജീകരിക്കുക.