പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് സിപിഎം സ്വതന്ത്ര എംഎല്‍എ ആയിരുന്ന പിവി അന്‍വര്‍. മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാഷട്രീയ പാര്‍ട്ടിയായിരിക്കും രൂപീകരിക്കുകയെന്നും തദ്ദേശ തെരഞ്ഞെടുപ്പാണ് ആദ്യ ലക്ഷ്യമെന്നും നിലമ്പൂർ എംഎൽഎ കൂടിയായ പിവി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലമ്പൂരിലെ വസതിയിലാണ് അൻവർ മാധ്യമങ്ങളെ കണ്ടത്.
ഇടതുമുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്നും സിപിഎം പാർലമെന്‍ററി പാർട്ടി യോഗങ്ങളിൽ പങ്കെടുക്കില്ലെന്നും വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ വ്യക്തമാക്കിയത്. ഇനി പറയാതിരുന്നിട്ട് കാര്യമില്ല..
പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് കൃത്യമായ പദ്ധതി തയ്യാറാക്കും.യുവാക്കൾ അടക്കമുള്ള പുതിയ ടീം വരും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് സ്ഥാനാർത്ഥികളുണ്ടാവുമെന്നും അൻവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം അൻവിനുളള പിന്തുണ സിപിഐഎം പിൻവലിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി , എഡിജിപി അജിത് കുമാർ എന്നിവർക്കെതിരേ പരസ്യമായി വിമർശനം ഉയർത്തിയതോടെയാണ് പിവി അൻവർ പാർട്ടിക്ക് അനഭിമതനായത്. ഇടതുമുന്നണിയെയും സിപിഎമ്മിനെയും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് പിവി അന്‍വര്‍ നടത്തുന്നതെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ പ്രതികരണം.