പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൻറെ പരസ്യപ്രചാരണം അവസാനിച്ചു. മൂന്ന് മുന്നണികളും ആവേശപൂർവ്വം ഏറ്റെടുത്ത പ്രചാരണം വൈകിട്ട് ആറ് മണിക്ക് പാമ്പാടിയിൽ വെടിക്കെട്ടോടുകൂടിയാണ് കൊട്ടികലാശിച്ചത്. പ്രധാന പാർട്ടികളുടെയെല്ലാം പ്രമുഖ നേതാക്കൾ കൊട്ടിക്കലാശത്തിന് ആവേശം പകരാൻ പാമ്പാടിയിലെത്തി. മൂന്നു മുന്നണികൾക്കും പൊലീസ് നിശ്ചയിച്ച് നൽകിയ സ്ഥലത്താണ് കൊട്ടിക്കലാശം നടത്തിയത്.
മൂന്നു മണിയോടെ പ്രവർത്തകർ ആഘോഷം ആരംഭിച്ചു. പാട്ടുകൾക്കൊപ്പം ചുവടുവെച്ച് ആരംഭിച്ച ആഘോഷം, പിന്നീട് ചെണ്ടമേളത്തിലും വെടിക്കെട്ടിലേക്കും വഴിമാറി. കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും മുകളിൽകൂട്ടമായി നിലയുറപ്പിച്ച പ്രവർത്തകർ സ്വന്തം പാർട്ടികളുടെ കൊടിതോരണങ്ങൾ ഉയർത്തിപ്പാറിച്ചു. പുതുപ്പള്ളി മണ്ഡലം ഇതുവരെ കാണാത്ത തരത്തിലുള്ള കൊട്ടിക്കലാശമാണ് നടന്നത്.
എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പാമ്പാടിയിൽ റോഡ് ഷോ നടത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് കൊട്ടിക്കലാശത്തിൽ പങ്കുചേർന്നത്. യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനാകട്ടെ ആഘോഷം ഒഴിവാക്കി പദയാത്ര നടത്തിയാണ് കൊട്ടിക്കലാശത്തിനൊപ്പം ചേർന്നത്. സഹോദരി അച്ചു ഉമ്മനും തൃക്കാക്കര എം എൽ എ ഉമാ തോമസും ചാണ്ടി ഉമ്മന് വേണ്ടി റോഡ് ഷോ നടത്തി. എൻ ഡി എ സ്ഥാനാർത്ഥി ലിജിൻ ലാലും ബി ജെ പി പ്രവർത്തകരും കൊട്ടിക്കലാശത്തിൻറെ ആവേശത്തിനൊപ്പം ചേർന്നു. നാളെ നിശബ്ദ പ്രചാരണമാണ്. മറ്റന്നാൾ പുതുപ്പള്ളി വിധിയെഴുതുമ്പോൾ, വിജയ പ്രതീക്ഷതയിലാണ് മൂന്നു മുന്നണികളും.