പുതുപ്പള്ളി നിയമസഭാമണ്ഡലത്തിൽ ആറുമാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. നിയമസഭ സെക്രട്ടറിയേറ്റ് ഒഴിവ് റിപ്പോർട്ട് ചെയ്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയാണ് ഒഴിവ് അറിയിച്ചത്. വരുന്ന നവംബർ – ഡിസംബർ മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പും ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം കോൺഗ്രസിനുളളിലും തിരക്കിട്ട ആലോചനകൾ ആരംഭിച്ചു. പുതുപ്പളിയിൽ സ്ഥാനാർത്ഥിയാകാൻ ചാണ്ടി ഉമ്മന് അയോഗ്യതയില്ലെന്ന് മുൻ മന്ത്രി കെ സി ജോസഫ് വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കെപിസിസി സംയുക്തമായ തീരുമാനമെടുക്കുമെന്നും കെ.സി ജോസഫ് പറഞ്ഞു.
ജനപ്രതിനിധികളായ പ്രമുഖ നേതാക്കളുടെ വേർപാടുണ്ടായാൽ കുടുംബാംഗങ്ങളെ സ്ഥാനാർത്ഥികളാക്കുന്നതാണ് യുഡിഎഫ് പിന്തുടരുന്ന രീതിയെന്നും കെ.സി ജോസഫ് ഓർമ്മിപ്പിച്ചു. അതുകൊണ്ടുതന്നെ ചാണ്ടി ഉമ്മന് നറുക്ക് വീഴാനാണ് സാധ്യത.
1970 മുതൽ തുടർച്ചയായ 53 വർഷം മണ്ഡലത്തെ പ്രതിനിധികരിച്ച വ്യക്തിയാണ് ഉമ്മൻചാണ്ടി.