പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തെ ചൊല്ലി ഉണ്ടായ തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസനാണ് സംഭവത്തിൽ വെട്ടേറ്റത്. ജോൺസനെ സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് ആക്രമിച്ചതെന്ന് പരുക്കേറ്റ മറ്റൊരാൾ പറഞ്ഞു. ദേവസിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തലയ്ക്ക് പരുക്കേറ്റ ജോൺസനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെട്ടേറ്റ ജോൺസൺ ലോറി ഡ്രൈവറാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുതുപ്പള്ളിയിലെ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് ജോൺസൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.