ഒമാൻ എയറിലാണോ യാത്ര? എങ്കിൽ സമയത്തിന് ലക്ഷ്യ സ്ഥാനത്ത് എത്തുമെന്ന കാര്യത്തിൽ നൂറ് ശതമാനം ഉറപ്പ്. ഈ ഉറപ്പിന് അംഗീകാരവും എയർലൈൻസിനെ തേടിയെത്തിയിട്ടുണ്ട്. സമയനിഷ്ഠ പാലിക്കുന്നതിൽ ഈസ്റ്റിലും ആഫ്രിക്കയിലും ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ഒമാൻ എയർ. ആഗോള ട്രാവൽ ഡാറ്റാ അനാലിസിസ് കമ്പനിയായ ‘സിറിയം’ നടത്തിയ 2023-ലെ ഓൺ-ടൈം പെർഫോമൻസ് റിവ്യൂവിലാണ് ഒമാൻ എയർ ഒന്നാമതെത്തിയത്.
ദുബായിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷനിൽ സിറിയം ഇന്റർനാഷണൽ സിഇഒ ജെറമി ബോവനിൽനിന്ന് ഒമാൻ എയർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ക്യാപ്റ്റൻ നാസർ ബിൻ അഹമ്മദ് അൽ സാൽമി അവാർഡ് ഏറ്റുവാങ്ങിയത്. ഓൺ-ടൈം പെർഫോമൻസ് ഇൻഡിക്കേറ്റർ ഒരു മത്സര വിഷയമാണ്. ഇതിൽ ഒരുപാട് വിമാനകമ്പനികളെ പിന്തള്ളി 92.53 സ്‌കോറോടെ മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന കമ്പനിക്കുള്ള അവാർഡ് ഒമാൻ എയർ നേടിയെന്നും സിറിയം ഇന്റർനാഷണലിന്റെ സിഇഒ പറഞ്ഞു. ഇത് ആഗോളതലത്തിൽ എയർലൈനുകളിൽ ഏറ്റവും ഉയർന്ന ശതമാനമാണെന്നും സിറിയം ചൂണ്ടിക്കാട്ടി.