ഒമാനിൽ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിൻറെ മൃതദേഹവുമായി തിരുവനന്തപുരത്തെ എയർ ഇന്ത്യ സാറ്റ്സ് ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തി ബന്ധുക്കൾ. ഈഞ്ചയ്ക്കലിലെ എയർ ഇന്ത്യ സാറ്റ്സ് ഓഫീസിന് മുന്നിൽ മൃതദേഹം വെച്ചുകൊണ്ടാണ് രാജേഷിൻറെ ഭാര്യ അമൃതയുടെ അച്ഛൻ രവി ഉൾപ്പെടെ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
എയർ ഇന്ത്യയുടെ ഭാഗത്തു നിന്ന് ഉത്തരം കിട്ടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും രവി പറഞ്ഞു. കുടുംബത്തിന് മറ്റു വരുമാനമൊന്നുമില്ലെന്നും നീതി കിട്ടിയെ തീരുവെന്നും അച്ഛൻ രവി പറഞ്ഞു. എയർ ഇന്ത്യ എക്സ്പ്രസ് ഉത്തരം പറയണമെന്നും നീതി കിട്ടുന്നതുവരെ പ്രതിഷേധം തുടരുമെന്നും ബന്ധുക്കൾ പറഞ്ഞു. എയർ ഇന്ത്യ എക്സ്പ്രസിനെതിരായ പ്രതിഷേധം എയർ ഇന്ത്യയുടെ ഉപകമ്പനിയായ എയർ ഇന്ത്യ സാറ്റസ് ഓഫിസിന് മുന്നിൽ നടത്തികൊണ്ടാണ് നമ്പി രാജേഷിൻറെ ബന്ധുക്കൾ നീതി തേടുന്നത്. പ്രതിഷേധമറിഞ്ഞ് സ്ഥലത്ത് പൊലീസ് എത്തി. ഇന്ന് രാവിലെ ആണ് നമ്പി രാജേഷിൻറെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. മൃതദേഹം നേരെ വീട്ടിലേക്ക് കൊണ്ടുപോകാതെ നേരെ എയർ ഇന്ത്യ സാറ്റ്സ് ഓഫീസിന് മുന്നിലെത്തിക്കുകയായിരുന്നു. രാജേഷിന്റെ മരണത്തിൽ നഷ്ടപരിഹാരം വേണമെന്നതാണ് ബന്ധുക്കളുടെ ആവശ്യം.
മെയ് ഏഴിനാണ് രാജേഷ് കുഴഞ്ഞുവീണത്. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേഷിന്റെ ഭാര്യ അമൃത രണ്ട് തവണ ഒമാനിലേക്ക് പോകാൻ ടിക്കറ്റെടുത്തിരുന്നെങ്കിലും സമരം കാരണം യാത്ര മുടങ്ങി. മെയ് 13ന് രാജേഷ് ഒമാനിൽ വച്ച് മരിച്ചു.