ഫെബ്രുവരി 14 പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാന്‍ ആഹ്വാനം ചെയ്ത് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്‍റെ ഉത്തരവ്. പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നട്ടെല്ലാണെന്നും മൃഗങ്ങളോടുളള അനുകമ്പ വര്‍ദ്ധിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്‍റെ പിന്തുണയും ബോര്‍ഡിനുണ്ട്.
പാശ്ചാത്യ സംസ്കാരത്തിന്‍റെ അതിപ്രസരം ഇന്ത്യയിലുണ്ടെന്നും അതോടെ ഇന്ത്യന്‍ സംസ്കാരം നാശത്തിന്‍റെ വക്കിലെത്തിയെന്നും സര്‍ക്കുലറില്‍ കേന്ദ്ര മൃസസംരക്ഷണ വകുപ്പ് കുറ്റപ്പെടുത്തുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പ്രാദേശിക സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും വിശദീകരണമുണ്ട്. പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിയ്ക്ക് കാരണമാകുമെന്നാണ് മൃഗസംരക്ഷണ ബോര്‍ഡിന്‍റെ നിലപാട്.
ഫെബ്രുവരി ആറിന് പുറത്തിറക്കിയതാണ് സര്‍ക്കുലര്‍. ഇതോടെ മൃഗസംരക്ഷണ വകുപ്പിന്‍റെ നടപടി വിവാദങ്ങളിലേക്ക് കടന്നു. സംഘപരിവാര്‍ സംഘടനകൾ വാലന്‍റൈന്‍സ് ദിനത്തെ എതിര്‍ക്കുകയും പ്രണയിതാക്കളെ ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങളുടെ തുടര്‍ച്ചയാണിതെന്ന് ആരോപണമുണ്ട്. എന്നാല്‍ പശുവിന്‍റെ ഗുണഗണങ്ങൾ എണ്ണിപ്പറഞ്ഞാണ് മൃഗ സംരക്ഷണ ബോര്‍ഡിന്‍റെ സര്‍ക്കുലര്‍.