വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ കടകൾ അടച്ചിടണമെന്ന് വ്യവസ്ഥ ചെയ്യുന്ന കരട് നിയമം നടപ്പാക്കാനൊരുങ്ങി കുവൈത്ത്. എംപി മജീദ് അൽ മുതൈരിയാണ് പുതിയ ബില്ല് അവതരിപ്പിച്ചത്. പൊതു സൗകര്യ സമിതിയുടെ അംഗീകാരത്തിന് ശേഷം കരട് നിയമം പാർലമെന്റിൽ വോട്ടെടുപ്പിനായി വയ്ക്കാൻ ഒരുങ്ങുകയാണ്.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെയും തുറമുഖങ്ങളിലെയും ഫാർമസികളും കടകളും ഉൾപ്പെടെയുള്ള കടകൾ വെള്ളിയാഴ്ച പ്രഭാഷണങ്ങൾക്കിടെ അടച്ചിടാനാണ് നിര്‍ദ്ദേശം സമര്‍പ്പിച്ചത്.
21 വയസും അതിൽ കൂടുതലുമുള്ള തൊഴില്‍ രഹിതരായ പൗരന്മാർക്ക് തൊഴില്‍ രഹിത വേതനം നല്‍കുന്നത് സംബന്ധിച്ച ബില്ലും എംപിമാര്‍ പാര്‍ലമെന്റിന് മുമ്പില്‍വച്ചു. സാമൂഹിക അലവൻസിന് പുറമെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പൗരന്മാർക്കുള്ള സബ്‌സിഡിയുടെ അതേ തുകയാണ് നൽകേണ്ടതെന്നാണ് നിര്‍ദ്ദേശം.
വ്യക്തിഗത സ്റ്റാറ്റസ് നിയമം നമ്പർ 51/1984-ലെ ആർട്ടിക്കിൾ 111-ന്റെ ക്ലോസ് എ ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. വിവാഹ കരാര്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങളും പാര്‍ലമെന്‍റിലുണ്ടായേക്കും.