അസ്ഥിരമായ കാലാവസ്ഥയേത്തുടർന്ന് നാളെ യുഎഇയിൽ സ്വകാര്യ മേഖലാ കമ്പനികൾക്ക് ഫ്ലെക്‌സിബിൾ വർക്കിങ് രീതി സ്വീകരിക്കാൻ നിർദേശം. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. രാജ്യത്ത് നാളെ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് നടപടി.
ജീവനക്കാർക്ക് പുറമെ യുഎഇയിലെ സ്കൂൾ വിദ്യാർത്ഥികൾക്കും എല്ലാ ഫെഡറൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിർബന്ധിത വിദൂര പഠനത്തിനും ഉത്തരവിട്ടിട്ടുണ്ട്. വിദ്യാഭ്യാസ റെഗുലേറ്ററായ നോളജ് ആന്റ്ഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയാണ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് ഒരുക്കാൻ നിർദേശം നൽകിയത്. കാലാവസ്ഥ പ്രവചനാതീതമായതോടെ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്തായിരുന്നു അധികൃതരുടെ തീരുമാനം.
കൂടാതെ, നാളെ രാജ്യത്ത് പുറംജോലികൾ ആവശ്യമെങ്കിൽ മാത്രം ചെയ്താൽ മതിയെന്നും തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ച് കമ്പനികൾ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം വ്യക്തമാക്കി.