എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടൻ്റെ പുതിയ രാജാവാകുന്ന മകൻ ചാൾസ്(73) യുകെയുടേയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടേയും തലപ്പത്തെത്തുകയാണ്. ഇതോടെ ചാള്‍സ് രാജാവിന് ലഭിക്കുക അസാധരണമായ ചില അവകാശങ്ങളാണ്.
ലൈസൻസും പാസ്‌പോർട്ടും വേണ്ട
ബ്രിട്ടനിൽ പാസ്‌പോർട്ടും ലൈസൻസുമില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന ഏക വ്യക്തിയാണ് ചാൾസ് രാജാവ്.കാരണം രാജ്യത്തെ എല്ലാ രേഖകളും രാജാവിന്‍റെ പേരിലാണ് ഇറക്കുന്നതെന്നത് തന്നെ. രാജാവൊഴികെ മറ്റു രാജകുടുംബാംഗങ്ങള്‍ക്ക് യാത്ര ചെയ്യാൻ സാധുവായ രേഖകൾ ആവശ്യമാണ്.
വര്‍ഷത്തില്‍ രണ്ട് ജന്മദിനം
അമ്മയായ എലിസബത്ത് രാജ്ഞിയെപ്പോലെ അദ്ദേഹത്തിനും വർഷത്തിൽ രണ്ട് ജന്മദിനങ്ങൾ ഉണ്ടായിരിക്കും. രാജ്ഞിയുടെ ജന്മദിനം ഏപ്രിൽ 21നായിരുന്നുവെങ്കിലും ഔദ്യോഗിക ആഘോഷം നടക്കുക ജൂണിലെ രണ്ടാം ചൊവ്വാഴ്ചയായിരുന്നു. ശൈത്യകാലമായതിനാല്‍ പൊതുവായ ആഘോഷങ്ങള്‍ നടത്താൻ അനുകൂല കാലാവസ്ഥ വേണമെന്നതാണ് കാരണം. പരേഡുകൾ സംഘടിപ്പിക്കാൻ വേനല്‍ കാലത്ത് ഒരു തീയതി പ്രഖ്യാപിക്കും.
ചാൾസ് രാജാവിൻ്റെ ജന്മദിനം നവംബർ 14ന് ആയതിനാൽ, അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജന്മദിനം ഒരു വേനല്‍ മാസത്തിലേക്ക് മാറ്റിയേക്കും. 1,400 സൈനികർ, 200 കുതിരകൾ, 400 സംഗീതജ്ഞർ എന്നിവർ പങ്കെടുക്കുന്ന വർണാഭമായ പൊതു ആഘോഷ പരിപാടികളാകും സംഘടിപ്പിക്കുക. സെൻട്രൽ ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിൻ്റെ ബാൽക്കണിയിൽ നിന്ന് രാജകുടുംബാംഗങ്ങളെ സാക്ഷിയാക്കി വ്യോമസേനയുടെ ഫ്‌ളൈപാസ്സോടെ നടപടികള്‍ അവസാനിപ്പിക്കും.
വോട്ട് ചെയ്യേണ്ടതില്ല
ചാൾസ് രാജാവ് ഒരിക്കലും വോട്ട് ചെയ്യുകയോ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ചെയ്യില്ല. രാഷ്ട്രത്തലവൻ ആയതിനാൽ ആഭ്യന്തര രാഷ്ട്രീയത്തിൽ നിഷ്പക്ഷത പാലിക്കേണ്ടി വരുന്നതിനാലാണിത്. എന്നാൽ പാര്‍ലമെൻ്റ് സമ്മേളനങ്ങളുടെ ഔപചാരിക ഉദ്ഘാടനത്തിലും പാര്‍ലമെൻ്റില്‍ നിന്നുള്ള നിയമ നിര്‍മ്മാണത്തിന് അംഗീകാരം നല്‍കുന്നതിലും രാജാവ് പ്രധാനമന്ത്രിയുമായി പ്രതിവാര ചര്‍ച്ചകള്‍ നടത്തും.
ജനങ്ങളുടെ മാത്രം അധികാരിയല്ല
ബ്രിട്ടണിലെ ജനങ്ങളുടെ മാത്രം അധികാരിയല്ല രാജാവും രാജ്ഞിയും.ഇംഗ്ലണ്ടിലുടനീളമുള്ള തടാകങ്ങളിലും നദികളിലുമുള്ള ഹംസങ്ങളും രാജാവിൻ്റെ സ്വത്തായി കണക്കാക്കപ്പെടുന്നു. 12 നൂറ്റാണ്ടിൻ്റെ പാരമ്പര്യമാണത്. ബ്രിട്ടൻ്റെ ജലപരിധിയിലുള്ള ഡോൾഫിനുകൾക്കും തിമിംഗലങ്ങൾക്കും ഇത് ബാധകമാണ്.
ഔദ്യോഗിക കവി ഉണ്ടാകും
രാജാവിന് വേണ്ടി കവിതകൾ രചിക്കാൻ ഒരു കവിയെ നിയമിക്കും. 17-ാം നൂറ്റാണ്ട് മുതല്‍ ഈ പാരമ്പര്യം നിലനില്‍ക്കുന്നതാണ്.