ഈ വർഷം നവംബർ ഒന്ന് മുതൽ ബസ്സുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനത്തിന് എതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ്സുടമകൾ. ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് തീരുമാനം അടിച്ചേൽപ്പിക്കുന്നത് അപ്രായോഗികമെന്നാണ് ബസ് ഉടമകളുടെ കൂട്ടായ്മകൾ പറഞ്ഞു. ഇതിനെതിരെ സമരപരിപാടികൾ ആലോചിക്കാൻ ഉടമകളുടെ കൂട്ടായ്മ 25ന് യോഗം ചേരും.
അതേസമയം വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ സംബന്ധിച്ച് വർഷങ്ങളായുള്ള ബസ് ഉടമകളുടെ ആവശ്യം ഇനിയും സർക്കാർ അംഗീകരിച്ചിട്ടില്ല. 140 കീലോമിറ്ററിൽ അധികം ഉളള ബസ്സുകളുടെ പെർമിറ്റ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെ നിരവധി ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഇതിന് പുറമെയാണ് സീറ്റ് ബെൽറ്റ് ആവശ്യവും ക്യാമറ നിർബന്ധമാക്കലും.
നവംബർ ഒന്നിന് മുൻപായി സംസ്ഥാനത്തെ മുഴുവൻ ബസുകളിലും ക്യാമറ സ്ഥാപിക്കലും സീറ്റ് ബെൽറ്റ് ഘടിപ്പിക്കുകയും ചെയ്യുന്നത് നടക്കാത്ത കാര്യമാണ് എന്നാണ് സംഘടനകൾ ഒന്നടങ്കം പറയുന്നത്. ബസ് വ്യവസായത്തെ തകർക്കുന്ന സർക്കാർ നടപടികൾക്കെതിരെ എല്ലാ സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കാനാണ് സംഘടന ആലോചിക്കുന്നത്. മാത്രമല്ല, ഇപ്പോഴത്തെ സർക്കാർ നിലപാടിനോട് യാതൊരു വിധത്തിലും ബസ് ഉടമകൾക്കും തൊഴിലാളികൾക്കും യോജിക്കാനാകില്ലെന്നും ബസ് ഉടമകൾ അറിയിച്ചു.