ലോകകപ്പ് ഫുട്‍ബോള്‍ സംഘാടനത്തിൽ ഖത്തർ അമീറിനെ പ്രശംസിച്ച് സൗദി കിരീടാവകാശി. ഖത്തർ ഒരുക്കിയ സംഘാടനമികവിനെ അഭിനന്ദിക്കുകയും തനിക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറയുകയും ചെയ്യുകയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരൻ. ഇന്നലെ ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ശേഷം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്ക് സൽമാൻ രാജകുമാരൻ പ്രത്യേകം സന്ദേശം അയച്ചു.
തനിക്കും ഒപ്പം വന്ന സംഘത്തിനും ലഭിച്ച ഊഷ്‍മളമായ സ്വീകരണത്തിനും ആതിഥേയത്വത്തിനും നന്ദി ചൊല്ലിയാണ് നിങ്ങളുടെ രാജ്യം വിടുന്നത്. ഫിഫ ലോകകപ്പ് ഫുട്ബോള്‍ ഉദ്ഘാടന ചടങ്ങിൻ്റെ വിജയകരമായ സംഘാടനത്തിന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരൻ്റെ സന്ദേശം ഇതാണ്. ഖത്തര്‍ അമീറിന് ആരോഗ്യവും സന്തോഷവും നേരുകയും ഖത്തറിലെ ജനങ്ങള്‍ക്ക് കൂടുതല്‍ പുരോഗതിയും അഭിവൃദ്ധിയും ആശംസിക്കുകയും ചെയ്തു അദ്ദേഹം.
ലോകകപ്പ് തീരുവരെ ഖത്തറിന് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി അറേബ്യയിലെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കി. ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ടീമിന് പിന്തുണയുമായി ടീമിൻ്റെ സ്‍കാര്‍ഫ് ധരിച്ചാണ് സൗദി കിരീടാവകാശി ഗ്യാലറിയിലിരുന്നത്. കൂടാതെ ഖത്തര്‍ അമീര്‍ ഒരുക്കിയ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തു.