വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ശനിയാഴ്ച രാവിലെ 11.10-ന് വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ അദ്ദേഹം കണ്ണൂർ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയോടൊപ്പം വിമാനത്തിൽ ഉണ്ടായിരുന്നു. കെ.കെ. ശൈലജ എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ.വി.വേണു, ഡി.ജി.പി ഷേഖ് ദർവേശ് സാഹിബ്, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ തുടങ്ങിയവരും ഉണ്ടായിരുന്നു.
കനത്ത സുരക്ഷയാണ് ദുരന്തബാധിത പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. ചൂരൽമലയിലും മുണ്ടക്കൈയിലും സന്ദർശനം നടത്തുന്ന സംഘം സൈന്യം നിർമ്മിച്ച ബൈലി പാലത്തിലുമെത്തും. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ദുരന്തബാധിത പ്രദേശത്തെ തെരച്ചിൽ ഒരുദിവസത്തേക്ക് മാറ്റിവച്ചിട്ടുണ്ട്.
ദുരന്തത്തിന് ഇരയായവരുമായും മോദി കൂടിക്കാഴ്ച നടത്തും. കേരളം അടിയന്തിര സഹായമുൾപ്പടെ പുനരധിവാസത്തിന് കേന്ദ്രസഹായം അഭ്യർത്ഥിക്കും. ദുരന്തഭൂമി നേരിൽ കാണുന്ന പ്രധാനമന്ത്രി കേരളത്തിൻ്റെ ആവശ്യം പരിഗണിക്കുകയും അടിയന്തിര സഹായമെത്തിക്കുകയും ചെയ്യുമെന്നാണ് പ്രദീക്ഷ. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോയെന്നും ഇന്നറിയാം.