ഈദ് ആഘോഷത്തിൻ്റെ സന്തോഷം പങ്കുവച്ച് യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നെഹ്യാൻ. ഈദിനോട് അനുബന്ധിച്ചുളള കുടുംബ ചിത്രം അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ഒരു കൊച്ചുകുട്ടിയെ പിടിച്ച് നിൽക്കുന്ന യുഎഇ പ്രസിഡൻ്റിൻ്റെ ഹൃദയസ്പർശിയായ ചിത്രത്തിന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിന് ശേഷം 100,000 ലൈക്കുകളും 3,000-ലധികം കമൻ്റുകളും മണിക്കൂറുകൾക്കകം ലഭ്യമായി.
പെരുന്നാളിനോട് അനുബന്ധച്ച് ലോകത്തിന് സമാധാനവും സന്തോഷവും നേരുന്നതായും യുഎഇ പ്രസിഡൻ്റ് കുറിച്ചു. കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഒപ്പം അവധിക്കാലം ചെലവഴിക്കാൻ കഴിയുന്നത് ഒരു അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ശൈഖ് മുഹമ്മദിന് മൂന്ന് ദശലക്ഷത്തിലധികം ഫോളോവേഴ്‌സാണുളളത്.
റമദാൻ സമാപനത്തോടനുബന്ധിച്ച് യുഎഇ നേതാക്കൾ പ്രാർത്ഥന നടത്തിയതോടെയാണ് യുഎഇയിൽ ഈദ് ദിനാചരണം ആരംഭിച്ചത്. യുഎഇ വൈസ് പ്രസിഡൻ്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് വെള്ളിയാഴ്ച അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിലാണ് ഈദ് അൽ ഫിത്തർ നമസ്‌കാരം നിർവഹിച്ചത്.കഴിഞ്ഞ ദിവസം ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമൂം ഈദ് മുബാറക്’ ആശംസകൾ നേർന്ന് കുടുംബ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു.
യാസ് ദ്വീപിനും ഗ്ലോബൽ വില്ലേജിനും മുകളിൽ ആകാശത്ത് കരിമരുന്ന് പ്രയോഗം നടത്തി അബുദാബിയും ദുബായും വെള്ളിയാഴ്ച ഈദ് അൽ ഫിത്തർ ഗംഭീരമായി ആഘോഷിച്ചു.ഈ വർഷത്തെ ഈദ് ആഘോഷങ്ങൾ കോവിഡ് മഹാമാരിക്ക് മുമ്പുള്ള സാധാരണ നിലയിലേക്ക് തിരിച്ചെത്തി. സുരക്ഷാ ജാഗ്രതയിൽ വലിയ ആഘോഷങ്ങളാണ് രാജ്യത്ത് സംഘടിപ്പിച്ചിട്ടുളളത്.