വമ്പൻ ഹൈപ്പോ വലിയ താരനിരകളോ ഇല്ലാതെ എത്തിയ മലയാള ചിത്രമായിരുന്നു ‘പ്രേമലു’. ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നസ്ലിൻ ആണ് പ്രേമലുവിലെ നായകൻ. മലയാളത്തിന്റെ പുത്തൻ സ്റ്റാർ എന്ന് ഏവരും നസ്ലിനെ കുറിച്ച് വിധിയെഴുതിയ ചിത്രത്തിന്റെ ടിക്കറ്റ് വിൽപ്പന സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്. 100 കോടി ക്ലബ്ബിലെത്തിയ ചിത്രം എന്ന ബഹുമതി കൂടി സ്വന്തമാക്കിയിരിക്കുകയാണ് ‘പ്രേമലു’.
ഫെബ്രുവരി 9നാണ് ‘പ്രേമലു’ റിലീസ് ചെയ്തത്. ഗിരീഷ് എഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നസ്ലിൻ നായകനായ ചിത്രത്തിൽ മമിത ബൈജുവാണ് നായിക. ശ്യാം മോഹൻ, സംഗീത് പ്രതാപ്, അൽത്താഫ് സലിം, മീനാക്ഷി തുടങ്ങി നിരവധി യുവതാരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. ഗിരീഷും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
മലയാളത്തിൽ മാത്രമല്ല തെലുങ്കിലും മലയാള ചിത്രം പ്രേമലുവിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഹൈദരബാദിന്റെ പശ്ചാത്തലത്തലത്തിലുള്ള ഒരു കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. തമാശയ്‍ക്കും പ്രാധാന്യം നൽകിയ ഒരു ചിത്രമാണ് നസ്‍ലെന്റെ പ്രേമലു. പുതിയ കാലത്തിന് യോജിച്ച തരത്തിലുള്ളതായിരുന്നു ചിത്രത്തിലെ തമാശകൾ എന്നതും പ്രേമലുവിലേക്ക് പ്രേക്ഷകരെ ആകർഷിക്കാൻ കാരണമായി.