ട്രാൻസ്‌മെനും മുൻ മിസ്റ്റർ കേരളയുമായ പ്രവീൺ ആത്മഹത്യ ചെയ്തു. പാലക്കാട് എലവഞ്ചേരി കരിങ്കുളം സ്വദേശിയാണ്. കഴിഞ്ഞ ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിലൂടെയുണ്ടായ സൈബർ ആക്രമണവും വാർത്തകളുമാണ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്നാണ് വിലയിരുത്തൽ. ഇന്ന് രാവിലെയാണ് അയ്യന്തോളിലെ വാടക വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ പ്രവീണിനെ കണ്ടെത്തിയത്. മൃതശരീരം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
ബോഡി ബിൽഡർ ആയിരുന്ന പ്രവീൺ 2021ൽ മിസ്റ്റർ കേരള മത്സരത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ജേതാവായിരുന്നു. 2022 ൽ മുംബൈയിൽ നടന്ന രാജ്യാന്തര ബോഡി ബിൽഡിങ്ങിന്റെ ഫൈനലിലും പ്രവീൺ മത്സരിച്ചു. ട്രാൻസ് വ്യക്തികളായ പ്രവീൺ നാഥും റിഷാനയും ഈ വർഷം ഫെബ്രുവരി 14 നാണ് വിവാഹിതരായത്. അതേസമയം കഴിഞ്ഞ ദിവസങ്ങളിലായി ഇരുവരും വേർപിരിയുന്നുവെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. റിഷാനയുമായുണ്ടായ പിണക്കത്തിൽ പ്രവീൺ സാമൂഹിക മാധ്യമങ്ങളിൽ ഇട്ട പോസ്റ്റായിരുന്നു ഇതിന് കാരണം. എന്നാൽ വാർത്ത തെറ്റാണെന്നും മാനസികമായി തകർന്നപ്പോൾ ഇട്ട ഒരു പോസ്റ്റ് മാത്രമായിരുന്നു അതെന്നും പ്രവീൺ വ്യക്തമാക്കിയിരുന്നു.
വ്യക്തിപരമായ കാര്യങ്ങളെ ചില ഓൺലൈൻ മാധ്യമങ്ങൾ ആഘോഷമാക്കുകയും വളച്ചൊടിക്കുകയും ചെയ്തത് പ്രവീണിനെ വേദനിപ്പിചുവെന്നാണ് റിപ്പോർട്ടുകൾ. വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത് മുതൽ പ്രവീണിന് നേരെ ശക്തമായ സൈബർ ആക്രമണവും ഉണ്ടായിരുന്നു.