2020-ൽ കോവിഡ്-19 ബാധിച്ചപ്പോൾ ജോലി നഷ്ടപ്പെട്ട പ്രവാസി യുവാവിന് മഹ്സൂസ് നറുക്കെടുപ്പിൽ 1 മില്യൺ ദിർഹം സമ്മാനമായി ലഭിച്ചു. ഇന്ത്യയിൽ നിന്നുള്ള പ്രവാസിയായ സുമൈർ ആറ് വർഷമായി യുഎഇ യിൽ താമസിക്കുന്നു. 36 കാരനായ സുമൈർ ഇപ്പോൾ ഖത്തറിലാണ്. 2022 മുതൽ ഓയിൽ ആൻഡ് ഗ്യാസ് സൂപ്പർവൈസറായി ജോലി ചെയ്യുകയാണ് ഈ യുവാവ്. ജോലി നഷ്ടപ്പെട്ടതിന് ശേഷം യുഎഇയിൽ ഉണ്ടായിരുന്നില്ലെങ്കിലും 2021 മുതൽ മഹ്സൂസിൽ പങ്കെടുക്കാൻ തുടങ്ങിയിരുന്നു.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ നറുക്കെടുപ്പിൽ പങ്കെടുക്കാൻ എല്ലാ ആഴ്ചയുടെയും തുടക്കത്തിൽ മഹ്സൂസ് ക്രെഡിറ്റിലേക്ക് 250 ദിർഹം ചേർക്കാറുണ്ട്. 126-ാമത്തെ നറുക്കെടുപ്പിലാണ് പ്രതിവാര സമ്മാനം സുമൈറിനെ തേടിയെത്തിയത്. ഒരു പ്രോപ്പർട്ടി വാങ്ങുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്ന സമയത്താണ് സമ്മാനം ലഭിക്കുന്നത്. വിവരം ഭാര്യയെ അറിയിച്ചപ്പോൾ ആദ്യം സംശയം പ്രകടിപ്പിച്ചെങ്കിലും മഹ്സൂസ് അക്കൗണ്ടിന്റെ സ്ക്രീൻഷോട്ട് അയച്ചതോടെ സന്തോഷമായെന്ന് സുമൈർ പറഞ്ഞു. സമ്മാനത്തുകയുടെ 10 ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും സുമൈർ കൂട്ടിച്ചേർത്തു. സുമൈറിനൊപ്പം ഒരു എഞ്ചിനീയർക്കും സമ്മാനമുണ്ട്.