‘സുരക്ഷിതമായ കുടിയേറ്റം’ ബോധവൽകരണ പരിപാടിയുമായി ബഹ്റൈനിലെ പ്രവാസി ലീഗൽ സെൽ. നൂറുകണക്കിന് ആളുകൾ തുടർച്ചയായി മനുഷ്യക്കടത്തിന് വിധേയരാകുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രവാസി ലീഗൽ സെൽ ബോധവൽക്കരണം നടത്താൻ തീരുമാനിച്ചത്. സന്ദർശക വിസയിൽ എന്ന വ്യാജേന ചില ഗൾഫ് രാജ്യങ്ങളിലേക്ക് സ്ത്രീകളെയും കുട്ടികളെയും കൊണ്ടുപോയി വിൽക്കുകയും മറ്റും ചെയ്യുന്നത് വ്യാപകമാണ്.
ഈ സാഹചര്യത്തിലാണ് ഇതിനെതിരെ ശക്തമായി ഇടപെടാൻ തീരുമാനിച്ചതെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് അറിയിച്ചു. അതേസമയം സുരക്ഷിതമായ കുടിയേറ്റം, വ്യാജ റിക്രൂട്ടിങ് ഏജൻസികളെ എങ്ങനെ തിരിച്ചറിയാം, തൊഴിൽ തട്ടിപ്പിലകപ്പെട്ടാൽ എവിടെ/ എങ്ങനെ പരാതി നൽകാം, എന്താണ് തൊഴിൽ കരാർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ നിയമ വിദഗ്ധരുടെ നേതൃത്വത്തിലുള്ള ക്ലാസുകളും സംഘടിപ്പിക്കും.