ഫുട്ബോൾ ആവേശലഹരിയിൽ അമർന്ന ഖത്തറിൽ കൈക്കുഞ്ഞുമായി വൊളൻ്റിയറിങ്ങില്‍ സജീവമായ നബ്ഷയാണ് ഫിഫ വേദിയിലെ ഏറ്റവും മനോഹരമായ കാഴ്ച. മൂന്നു മക്കളുടെ അമ്മയാണ് നബ്ഷയെന്ന 37 കാരി…. ഔദ്യോഗിക കൃത്യനിർവഹണത്തിന് ഇടയിലും മൂന്നു മാസം പ്രായമായ സ്വന്തം കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തു നടക്കുന്ന നബ്ഷ ഏതു സാഹചര്യങ്ങളിലും തളരാതെ, കരുത്തോടെ മുന്നോട്ടുപോകാൻ വനിതകള്‍ക്ക് പ്രചോദനവും മാതൃകയും ആണ്.
മലപ്പുറം വളാഞ്ചേരി സ്വദേശിനിയായ നബ്ഷ ഖത്തറില്‍ അധ്യാപികയാണ്. കൂടാതെ ഫിഫ ലോകകപ്പിലെ പ്രധാന മീഡിയ സെൻ്ററിലെ അക്രഡിറ്റേഷന്‍ ലീഡര്‍മാരില്‍ ഒരാളാണ്. സ്‌കൂള്‍-കോളേജ് കാലം തൊട്ടേ സേവന പ്രവര്‍ത്തനങ്ങളോടുള്ള ഇഷ്ടമാണ് ടൂര്‍ണമെൻ്റുകളിലെ വൊളൻ്റിയര്‍ ആകാനുള്ള ആഗ്രഹത്തിന് കാരണം. സന്നദ്ധ സേവനം മനസിന് സംതൃപ്തിയും, മനസിനും ജീവിതത്തിനും ഉണര്‍വും ഊര്‍ജവുമാണെന്ന് നബ്ഷ പറയുന്നു. എന്നെക്കൊണ്ട് കഴിയില്ല എന്നതിന് പകരം എന്തുകൊണ്ട് കഴിയില്ല എന്നു ചോദിക്കുന്നിടത്താണ് നബ്ഷയുടെ വിജയം. പിന്തുണയുമായി കുടുംബവും സഹപ്രവര്‍ത്തകരും ഒപ്പമുണ്ട്.
സ്‌കൂളിലെ അധ്യാപനം താൽക്കാലികമായി രാജി വെച്ചാണ് വൊളൻ്റിയറിങ്ങില്‍ സജീവമായത്. 2021ല്‍ അറബ് കപ്പില്‍ വൊളൻ്റിയര്‍ ആയി സേവനം തുടങ്ങിയ സമയത്താണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. എന്നിട്ടും വൊളൻ്റിയര്‍ ആകാനുള്ള ആഗ്രഹം മാറ്റിവെയ്ക്കാന്‍ നബ്ഷ തയാറായില്ല. ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിട്ടും അവയെല്ലാം തരണം ചെയ്ത് ഫിഫ കോണ്‍ഗ്രസ്, ലോകകപ്പിൻ്റെ വൊളൻ്റിയര്‍മാരെ തിരഞ്ഞെടുക്കുന്നതിൻ്റെ ഇൻ്റര്‍വ്യൂ പാനല്‍ (പയനിയേഴ്‌സ്) എന്നിവയിലെല്ലാം നബ്ഷ പങ്കെടുത്തു.
ഖത്തര്‍ എനര്‍ജി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് മുജീബ് റഹ്‌മാനും മക്കളായ 13 കാരി നഷ്‌വ മുജീബും 10 വയസുകാരന്‍ ഷാന്‍ റഹിമാനും വൊളൻ്റിയറിങ് മേഖലയിലെ അധികൃതരും സഹപ്രവര്‍ത്തകരുമെല്ലാം നബ്ഷയ്ക്ക് കരുത്ത് പകരുന്നുണ്ട്. രണ്ടു മാസം നീണ്ട വൊളൻ്റിയര്‍ തിരഞ്ഞെടുപ്പില്‍ 41 സെഷനുകളിലായി അഞ്ഞൂറിലധികം പേരെയാണ് നബ്ഷ ഇൻ്റര്‍വ്യൂ ചെയ്തത്. പ്രസവത്തിനു രണ്ടു ദിവസം മുന്‍പ് വരെ വൊളൻ്റിയര്‍ സേവനം ചെയ്ത ശേഷമാണ് അര്‍വ ഐറിന്‍ എന്ന കുഞ്ഞിന് ജന്മം നൽകിയത്.
ആരാധകര്‍ക്ക് ഖത്തറിലെത്തുമ്പോൾ സ്റ്റേഡിയം, താമസം, ഫാന്‍ സോണുകള്‍ ഇവിടങ്ങളിലേയ്ക്ക് എങ്ങനെ എത്താം, നല്‍കുന്ന സൗകര്യങ്ങളില്‍ സംതൃപ്തരാണോ, എന്തൊക്കെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും, അവ എങ്ങനെ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളില്‍ സുപ്രീം കമ്മിറ്റി അധികൃതര്‍ നടത്തിയ റിഹേഴ്‌സലുകളുടെ ഭാഗമായുള്ള യാത്രകളില്‍ നബ്ഷ പങ്കെടുത്തത് ഐറിനെയും നെഞ്ചോടു ചേര്‍ത്താണ്.
ജോലിയ്ക്കിടെ കുഞ്ഞിനെ മുലയൂട്ടല്‍ ഒരു പ്രശ്‌നമായിരുന്നില്ലേ എന്നു ചോദിച്ചാല്‍ സഹപ്രവര്‍ത്തകരുടെ കരുതലും സ്‌നേഹവും പിന്തുണയും കൊണ്ട് ഐറിന് ഒരിക്കല്‍ പോലും കുപ്പി പാല്‍ നല്‍കേണ്ടി വന്നിട്ടില്ലെന്നാണ് നബ്ഷയുടെ മറുപടി.
ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെൻ്ററിലെ മെയിന്‍ മീഡിയ സെൻ്ററില്‍ അക്രഡിറ്റേഷന്‍ ലീഡര്‍ ആണ് നബ്ഷയിപ്പോൾ. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഇഷ്ടമുള്ള സമയം തിരഞ്ഞെടുത്താണ് ജോലി. ഭര്‍ത്താവിൻ്റെ ജോലിസമയം നോക്കിയാണ് നബ്ഷ ഷിഫ്റ്റ് തിരഞ്ഞെടുക്കുന്നത്. അക്രഡിറ്റേഷന്‍ സെൻ്ററിലേയ്ക്ക് കുഞ്ഞിനെ കൊണ്ടുപോകുന്നില്ലെങ്കിലും ഇടയ്ക്ക് പാലൂട്ടാൻ ഉമ്മയെ തേടി ഐറിന്‍ ഉപ്പയോടൊപ്പം അക്രെഡിറ്റേഷന്‍ സെൻ്ററിലെത്തും.
പ്രസവശേഷം വിശ്രമിക്കേണ്ട സമയത്ത് ഇങ്ങനെ ഓടിനടന്നാല്‍ എങ്ങനെയാണെന്നു ചോദിച്ചാല്‍ വിശ്രമത്തിനായി സമയം കളയുന്നതിന് പകരം ഫിഫ ലോകകപ്പ് എന്ന മാമാങ്കത്തില്‍ പങ്കാളിയാകാനുള്ള അവസരത്തിലൂടെ ജീവിതം പോസിറ്റീവാക്കി മാറ്റുകയാണ് വേണ്ടതെന്നാണ് നബ്ഷയുടെ ഉത്തരം. നബ്ഷയുടെ ഭാഷയില്‍ മനക്കരുത്തും നിശ്ചയദാര്‍ഢ്യവും ജീവിതത്തിന് നല്‍കുന്ന ‘പോസിറ്റീവ് എനര്‍ജി’ ആണ് സ്വപ്‌നങ്ങളിലേക്കുള്ള ചവിട്ടുപടിയും….