ദുബായിൽ നടക്കാനിരിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ (കോപ് 28) ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. ഇതിനായി ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ മാർപാപ്പ ദുബായിൽ ഉണ്ടാകുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. 1995-ൽ ആഗോള പരിസ്ഥിതി സമ്മേളനങ്ങൾ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഒരു പോപ്പ് കാലാവസ്ഥാ ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കുന്നത്.
ലോകത്തിന്റെ ഭാവി അപകടത്തിലാക്കുന്ന ആഗോളതാപനം തടയാനുള്ള ഉത്തരവാദിത്തം ഓരോരുത്തരും നിർവഹിക്കണമെന്ന് മാർപ്പാപ്പ ആഹ്വാനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകുന്ന ഫ്രാൻസിസ് മാർപാപ്പ പാരിസ്ഥിതിക നാശം മൂലം മനുഷ്യനുണ്ടാകുന്ന വിനാശകരമായ ആഘാതത്തെക്കുറിച്ച് നിരന്തരം ആശങ്കകൾ ഉന്നയിക്കാറുണ്ട്.
നവംബർ 30ന് ആരംഭിക്കുന്ന ഉച്ചകോടി ഡിസംബർ 12 വരെ തുടരും. ഡിസംബർ ഒന്നിന് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് കഴിഞ്ഞ ദിവസം ചാൾസ് രാജാവും സ്ഥിരീകരിച്ചിരുന്നു.