ഷിപ്പിംഗ് കമ്പനികളിൽ നിന്നുള്ള വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്ന് അജ്മാൻ പോലീസിൻ്റെ മുന്നറിയിപ്പ്. സ്വകാര്യ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും ഫീസ് അടയ്ക്കാനും ആവശ്യപ്പെടുന്ന തരത്തിൽ മെസേജുകളിലൂടെ തട്ടിപ്പ് ശ്രദ്ധയിൽപെട്ട പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയത്.
നിരവധി താമസക്കാർക്കാണ് ഷിപ്പിംഗ് കമ്പനികളുടേതെന്ന അവകാശവാദവുമായി ടെക്‌സ്‌റ്റ് സന്ദേശങ്ങൾ ലഭിക്കുന്നത്. ഒരു ലിങ്കിൽ ക്ലിക്കുചെയ്‌ത് സ്വകാര്യ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. നിങ്ങൾക്കുളള സ്റ്റോക്കുകൾ ഫീസ് അടക്കാത്തതിനാൽ കുടുങ്ങിക്കിടക്കുന്നതായും മെസേജുകളിൽ കാണാം.
പൊതുജനങ്ങളെ വ്യാജ സേവനങ്ങളും ഓഫറുകളും ആനുകൂല്യങ്ങളും നൽകി ആകർഷിച്ച് തട്ടപ്പുനടത്തുന്ന വ്യാജ വെബ് സൈറ്റുകൾ, വഞ്ചനാപരമായ കോളുകൾ, ലിങ്കുകൾ, മറ്റ് സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ എന്നിവയെപ്പറ്റി അടുത്തിടെ അബുദാബി പൊലീസും മുന്നറിയിപ്പ് നൽകിയിരുന്നു.