യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തു. ലൈംഗിക പീഡനത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്. ഇന്നലെയാണ് നടി ഡിജിപിക്ക്
സിദ്ദിഖിനെതിരെ പരാതി നൽകിയത്.
2016ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. ആരോപണം ഉയർന്നതിനെ തുടർന്ന് ‘അമ്മ’ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു. 2019ൽ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയിൽ നിന്നു മാറ്റിനിർത്തിയതിനാൽ ഇപ്പോൾ ഒന്നും നഷ്ടപ്പെടാനില്ലാത്തതുകൊണ്ടാണ് സധൈര്യം തുറന്നുപറയുന്നതെന്നും നടി വ്യക്തമാക്കിയിരുന്നു.
അതിനിടെ നടിക്കെതിരെ പരാതിയുമായി സിദ്ദിഖും രംഗത്തെത്തിയിരുന്നു. വ്യത്യസ്ത സമയത്ത് വ്യത്യസ്ത ആരോപണങ്ങളാണ് നടി ഉന്നയിക്കുന്നതെന്നും തൻ്റെയും അമ്മയുടെയും പേര് കളങ്കപ്പെടുത്തുകയാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്നും സിദ്ദിഖ് ആരോപിച്ചു. അതോടൊപ്പം മലയാള സിനിമാ മേഖലക്കെതിരെ നടക്കുന്നത് ക്രിമിനൽ ഗൂഢാലോചനയാണെന്നും സിദ്ദിഖ് ആരോപിച്ചിരുന്നു.