അഭിഭാഷകന്റെ സേവനം വേണ്ടെന്ന ആവശ്യവുംയി കളമശേരി ബോംബ് സ്ഫോടന കേസ് പ്രതി ഡൊമനിക് മാർട്ടിൻ. കേസ് സ്വയം വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന പ്രതിയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. കൂടാതെ പൊലീസിനെതിരെ പരാതി ഇല്ലെന്നും ഡൊമനിക് കോടതിയിൽ അറിയിച്ചു. പ്രതിക്ക് ആരോഗ്യ മാനസിക പ്രശ്നങ്ങൾ ഇല്ലന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഡൊമനികിനെ നവംബർ 29 വരെ റിമാന്റ് ചെയ്തു.
അതേസമയം കളമശ്ശേരി ബോംബ് സ്ഫോടനം ആസൂത്രണം ചെയ്തത് വിദേശത്ത് താമസിക്കുന്ന സമയത്തായിരുന്നു എന്ന് പ്രതി മൊഴി നൽകിയിരുന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ദുബായിലേക്കടക്കം നീളുമെന്നാണ് റിപ്പോർട്ട്. പിന്നാലെ വിദേശത്തെ മാർട്ടിന്റെ പരിചയക്കാരിൽ നിന്നും ഇയാളുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷണ സംഘം പ്രാഥമിക വിവരശേഖരണം നടത്തി.
ഇതിനിടെ സ്ഫോടനം നടത്തിയതിന്റെ തലേദിവസം മാർട്ടിന്റെ ഫോണിലേക്ക് രാത്രിയിൽ ഒരു കോൾ വന്നതായി ഭാര്യ പോലീസിന് മൊഴി നൽകിയിട്ടുമുണ്ട്. ഇത് ആരാണെന്ന് ചോദിച്ച തന്നോട് ദേഷ്യപ്പെട്ടതായും നാളെ രാവിലെ ഒരു സ്ഥലത്ത് പോകാനുണ്ടെന്നും അതിന് ശേഷം പറയാമെന്നും പറഞ്ഞതായും ഭാര്യ അറിയിച്ചു. സ്ഫോടനം നടന്നതോടെയാണ് ഇക്കാര്യം താൻ വീണ്ടും ഓർത്തതെന്നും മൊഴിയിലുണ്ട്. മാർട്ടിന്റെ ഫോണിലേക്ക് വിളിച്ചത് ആരെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.