പേട്ടയില്‍ നാടോടി ദമ്പതിമാരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട സംഭവത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസില്‍ ഹസൻകുട്ടി എന്ന കബീറിനെ പോലീസ് പിടികൂടി. ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കൊല്ലത്തുനിന്നാണ് ഇയാളെ പിടികൂടിയത്. പ്രതി ഇതിന് മുൻപ് പോക്സോ കേസിൽ ഉൾപ്പെട്ടയാളാണ് എന്നും പോലീസ് കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേസിലെ പ്രതിയെപ്പറ്റി സൂചന നല്‍കുന്ന നിര്‍ണായക ദൃശ്യങ്ങള്‍ നേരത്തേ തന്നെ പോലീസിന് ലഭിച്ചിരുന്നു. എന്നാൽ പിടിയിലായ ആള്‍ കുട്ടിയുടെ കുടുംബാംഗമല്ലെന്നും മലയാളിയാണെന്നുമാണ് പുറത്ത്സൂ വരുന്ന റിപ്പോർട്ട്.
ഫെബ്രുവരി 22ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു കുട്ടിയെ കാണാതായത്. റോഡരികില്‍ കഴിയുന്ന നാടോടി ദമ്പതിമാരായ അമര്‍ദീപ് – റബീന ദേവിയുടെ മകള്‍ മേരിയെയാണ് തട്ടിക്കൊണ്ട്പോയത്. നാടോടി സംഘം റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റ് നോക്കിയപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇതോടെ ഇവര്‍ ബഹളംവയ്ക്കുകയും നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു.
ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും കുട്ടിയെ ഉടന്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ശബ്ദംകേട്ട് എഴുന്നേറ്റപ്പോള്‍ സ്‌കൂട്ടറില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടുവെന്നും അവരായിരിക്കണം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമായിരുന്നു ദമ്പതിമാര്‍ പറഞ്ഞത്. അതിന്റെ ചുവടുപിടിച്ചായിരുന്നു പോലീസ് അന്വേഷണം. പിന്നീട് 19 മണിക്കൂർ നീണ്ട അന്വേഷണത്തിലാണ് ഓടയില്‍നിന്ന് കുട്ടിയെ കണ്ടെത്തിയത്.