ഇന്ത്യയുടെ ആകർഷണമാവാൻ മറ്റൊരു ചരിത്ര സംവിധാനം കൂടി. രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോയായ കൊൽക്കത്ത മെട്രോയുടെ ഹൗറ മൈതാൻ -എസ്പ്ലാനോഡ് സെക്ഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തിന് സമർപ്പിക്കും. ഹൂഗ്ലി നദിയിലാണ് ആകെ16.6 കിലോമീറ്റർ ദൂരം വരുന്ന പദ്ധതിയിലെ മെട്രോ ടണൽ നിർമിച്ചിരിക്കുന്നത്. കൊൽക്കത്തയുടെ ഇരട്ടനഗരങ്ങളായ ഹൗറയെയും സാൾട്ട് ലേക്കിനെയും ബന്ധിപ്പിക്കുന്ന പാതയാണിത്.
ഹൂഗ്ലി നദിയുടെ കിഴക്കും പടിഞ്ഞാറുമായാണ് ഹൗറയും സാൾട്ട് ലേക്ക് നഗരവും സ്ഥിതി ചെയ്യുന്നത്. ആറ് സ്റ്റേഷനുകളാണ് മെട്രോയ്ക്കുള്ളത്. അതിൽ മൂന്നെണ്ണവും അണ്ടർ ഗ്രൗണ്ടിലുള്ള പാതയിലാണുണ്ടാകുക. ഹൗറ മൈതാൻ, ഹൗറ സ്റ്റേഷൻ കോംപ്ലക്സ്, ബിബിഡി ബാഗ് (മഹാകരൺ) എന്നിവയാണ് ഈസ്റ്റ് -വെസ്റ്റ് മെട്രോയുടെ ഗ്രീൻ ലൈനിലെ മൂന്നു സ്റ്റേഷനുകൾ. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിലാണ് മെട്രോ ഓടുക.
കൊൽക്കത്ത മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡാണ് (കെഎംആർസിഎൽ) പദ്ധതി നടപ്പാക്കുന്നത്. നിലവിൽ കൊൽക്കത്ത മെട്രോക്ക് മൂന്നു ലൈനുകളുണ്ട്. ദക്ഷിണേശ്വർ മുതൽ കവി സുഭാഷ്, സാൾട്ട് ലേക്ക് സെക്ടർ അഞ്ച് മുതൽ സീൽദാ, ജോക മുതൽ താർതല എന്നിങ്ങനെയാണ് ഈ ലൈനുകൾ. മറ്റു മൂന്നു ലൈനുകൾ നിലവിൽ നിർമാണത്തിലാണ്.