എഐ നിർമിത ഉള്ളടക്കങ്ങൾക്ക് വാട്ടർമാർക്ക് നിർബന്ധമാക്കണമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സുമായുള്ള ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. എഐയുടെ ഉപയോഗം വലിയ വെല്ലുവിളിയാണ്. ഡീപ്പ് ഫേക്ക് തട്ടിപ്പുകൾ തുടക്കത്തിലേ തടയണമെന്നും മോദി കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. ബിൽഗേറ്റ്സുമായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ച് നരേന്ദ്ര മോദി നടത്തിയ സംഭാഷണത്തിലാണ് പ്രതികരണം. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ യുട്യൂബിൽ പുറത്തുവിട്ടു.
കുറച്ച് ദിവസങ്ങൽക്ക് മുൻപ് ഇന്ത്യയിലെത്തിയ ബിൽ ഗേറ്റ്സുമായി ഔദ്യോഗിക വസതിയിൽ നടത്തിയ ചർച്ചയുടെ മുക്കാൽ മണിക്കൂറുള്ള വീഡിയോയാണ് നരേന്ദ്ര മോദി യൂട്യൂബിലൂടെ പങ്കുവച്ചത്. നിർമ്മിത ബുദ്ധി, ആഗോള താപനം, ജി 20, കൊവിഡ് പ്രതിരോധം, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായ കൂടികാഴ്ചയിൽ ഇന്ത്യയിലെ ക്ഷേമ പദ്ധതികൾ മോദി വിശദീകരിച്ചു. സൈബർ രംഗത്ത് സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മോദി വിശദമായി സംസാരിച്ചു.
‘ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത്, ആർക്കും ഡീപ്ഫേക്ക് ഉപയോഗിക്കാം. ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ടതുണ്ട്. അലസത കാരണം എഐയെ ആശ്രയിക്കുകയാണെങ്കിൽ അത് തെറ്റായ പാതയാണ്. സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണത്തിൽ ഞാൻ വിശ്വസിക്കുന്നു. ഡിജിറ്റൽ വിഭജനം പാടില്ല. സാങ്കേതിക വിദ്യയിൽ എല്ലാവർക്കും തുല്യ അവസരം നൽകാനാണ് ശ്രമം. ഗ്രാമങ്ങളിലേക്ക് സാങ്കേതികവിദ്യ എത്തിക്കുകയാണ്. ലോകത്തിലെ ഡിജിറ്റൽ വിഭജനത്തെക്കുറിച്ച് കേൾക്കുമ്പോൾ, എന്റെ രാജ്യത്ത് അങ്ങനെയൊന്നും സംഭവിക്കാൻ ഞാൻ അനുവദിക്കില്ലെന്ന് തീരുമാനമെടുത്തിരുന്നു’ – നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയിൽ കുട്ടികൾ ജനിക്കുമ്പോൾ തന്നെ എഐ എന്ന് പറയുന്നു, എഐ വളരെ നല്ല സംഗതിയാണ് എന്നാൽ ശരിയായ പരിശീലനം ലഭിക്കാത്തവരുടെ കൈയിലെത്തിയാൽ ദുരുപയോഗം ചെയ്യും, എഐ ഉള്ളടക്കങ്ങൾ തിരിച്ചറിയാൻ വാട്ടർമാർക്ക് നൽകണം. എഐ ഉപയോഗിച്ച് എന്തൊക്കെ ചെയ്യാം, എന്തൊക്കെ അരുത് എന്ന ബോധവൽക്കരണം നടത്തണമെന്ന് മോദി ആവശ്യപ്പെട്ടു. ആഗോള താപനത്തെ കുറിച്ച് ലോകം കൂടുതൽ ചർച്ച ചെയ്യണം. എല്ലാവർക്കുമൊപ്പമുള്ള വികസനമാണ് ഇന്ത്യയുടെ ലക്ഷ്യം. തന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ വരുമ്പോൾ ഗർഭാശയ ക്യാൻസർ തടയാൻ പ്രത്യേകം ശ്രദ്ധിക്കുമെന്നും മോദി പറഞ്ഞു.