സൗദി കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. സൗദി കിരീടാവകാശിയും നരേന്ദ്രമോദിയും തമ്മിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ വ്യാപാര വാണിജ്യ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണം കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ ഉണ്ടാകും. ജി20 ഉച്ചകോടിക്ക് പിന്നാലെയാണ് സുപ്രധാനമായ ചർച്ചകളിൽ ഇന്ത്യയും സൗദി അറേബ്യയും ഏർപ്പെടുന്നത്.
നിക്ഷേപം, സുരക്ഷ, ഊർജ്ജം തുടങ്ങി വിവിധ മേഖലകളിലും ചർച്ചകൾ നടക്കും. ഇന്ത്യയും സൗദിയും സംയുക്തമായി രൂപം കൊടുത്ത സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ പുരോഗതിയും ഇരു ഭരണകർത്താക്കളും വിലയിരുത്തും. 2019 ഫെബ്രുവരിക്ക് ശേഷം ഇത് ആദ്യമായാണ് സൗദി കീരീടാവകാശി ഇന്ത്യയിൽ എത്തിയത്. ജി-20 ഉച്ചകോടിക്ക് പിന്നാലെ സുപ്രധാന ചർച്ചകൾക്കായാണ് അദ്ദേഹം ഇന്ത്യയിൽ തുടരുന്നത്.
കഴിഞ്ഞ ജൂണിൽ മോദിയും സൗദി കരീടാവകാശിയും ടെലഫോണിൽ ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായിരിക്കും ഇന്ന് നടക്കുന്ന കൂടിക്കാഴ്ച.