78-ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ ഇന്ത്യ. ചെങ്കോട്ടയിൽ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയർത്തി. പിന്നീട് സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്‌മരിച്ചുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. ‘വികസിത ഭാരതം @2047’ എന്നതാണ് ഈ വർഷത്തെ സ്വാതന്ത്യദിനത്തിന്റെ പ്രമേയം.
6,000 പേരാണ് ചടങ്ങിൽ പ്രത്യേക അതിഥികളായി പങ്കെടുക്കുന്നത്. പാരീസ് ഒളിംപിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. കൊളോണിൽ ഭരണത്തിൽ നിന്നുള്ള മോചനത്തിന് നടത്തിയത് നീണ്ട പോരാട്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് നാം 140 കോടി ജനതയാണ്. ഒറ്റക്കെട്ടായി ഒരേ ദിശയിലേക്ക് നീങ്ങിയാൽ നമുക്ക് 2047-ഓടെ വികസിത ഭാരതം എന്ന സ്വപ്‌നം കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതി ദുരന്തത്തിൽ പൊലിഞ്ഞവരെ വേദനയോടെ ഓർക്കുന്നു. രാജ്യം അവരുടെ കുടുംബത്തിന് ഒപ്പമുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട ആശങ്കകൾ വർധിച്ചുവരികയാണ്. നിരവധി ആളുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നഷ്ടങ്ങളുണ്ടായി. രാജ്യത്തിനും നഷ്‌ടം സംഭവിച്ചു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ ഈ രാജ്യം അവർക്കൊപ്പം നിൽക്കുമെന്ന് ഉറപ്പുനൽകുന്നു എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.