വർഗീയതയും ഫാസിസവും മനുഷ്യത്വം ഇല്ലാതാക്കുന്നു എന്നതിന്റെ തെളിവാണ് ഉത്തർ പ്രദേശിലെ മുസഫർ നഗറിലുണ്ടായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴു വയസ്സുള്ള ഒരു കുഞ്ഞിനെ അവൻ്റെ മതം മുൻനിർത്തി ശിക്ഷിക്കുക മാത്രമല്ല, ആ ശിക്ഷ അന്യമതസ്ഥരായ സഹപാഠികളെകൊണ്ട് തന്നെ നടപ്പാക്കിക്കാനും ഒരു അധ്യാപികയ്ക്ക് സാധിക്കണമെങ്കിൽ അവരെ എത്രമാത്രം വർഗീയവിഷം ഗ്രസിച്ചിട്ടുണ്ടാകണം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജനാധിപത്യത്തിന്റെ മാതൃകയിൽ നിന്ന് മാറി വിദ്വേഷമുള്ള സമൂഹമാക്കി ഇന്ത്യയെ മാറ്റാനാണ് ഹിന്ദുത്വ വർഗീയത ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹരിയാനയിൽ നിന്നും മണിപ്പൂരിൽ നിന്നും യുപിയിൽ നിന്നുമെല്ലാം വരുന്ന ഇത്തരത്തിലുള്ള വാർത്തകൾ അതിന് ഉദാഹരണമാണ്. മാത്രമല്ല, ന്യൂനപക്ഷങ്ങളേയും ദളിത് ജനവിഭാഗങ്ങളേയും അമാനവീകരിച്ച് മൃഗങ്ങളേക്കാൾ മോശമായ രീതിയിലേക്കുള്ള പദവി കല്പ്പിച്ച് ഒതുക്കുന്നതിനാണ് സംഘപരിവാരിന്റെ നീക്കമെന്നും മുഖ്യമന്ത്രികൂട്ടിച്ചേർത്തു.
അതേസമയം സംഘപരിവാർ പ്രത്യയ ശാസ്ത്രത്തിനെതിരെ കൂടുതൽ കരുത്തുറ്റ പ്രതിരോധം ഉയർത്താൻ രാജ്യത്തെ ഓരോരുത്തർക്കും കഴിയണം എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ സംഭവം. ആ ഉത്തരവാദിത്തം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാൻ ജനാധിപത്യ മതേതര വിശ്വാസികൾ എല്ലാവരും കൈകോർക്കേണ്ടത് അത്യാവശ്യമാണ്. കരുത്തുറ്റ പ്രതിരോധം തീർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.