പ്രവാസികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യമാണ് യുഎഇ. പ്രവാസികൾക്ക് യുഎഇ നൽകുന്ന ജോലി, താമസം, ഓരോരുത്തരുടെയും വിശ്വാസ സംരക്ഷണം എന്നിങ്ങനെ വിവിധ മേഖലകളിൽ രാജ്യം മികച്ച അന്തരീക്ഷമാണ് പ്രദാനം ചെയ്യുന്നത്. അബുദാബിയിൽ ഈ വർഷം രണ്ടാമത്തെ ആരാധനാലയം കൂടിയാണ് ഉദ്ഘാടനം ചെയ്യപ്പെടാൻ പോകുന്നു….
പ്രൊട്ടസ്റ്റന്റ് പള്ളി ഗാർഡിയൻ എയ്ഞ്ചൽ ആദ്യ ശുശ്രൂഷക്കായി ഇന്ന് കൂദാശ ചെയ്യും. അബു മുറൈഖ പ്രദേശത്ത് പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട ‘ബാപ്‌സ്’ ഹിന്ദുക്ഷേത്രത്തിന് സമീപമായാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 3.15 -ന് ആരംഭിക്കുന്ന മൂന്ന് മണിക്കൂർ നീളുന്ന സമർപ്പണചടങ്ങോടെയാണ് ഉദ്ഘാടനം.
ബിഷപ്പ് മലയിൽ സാബു ചെറിയാൻ ശുശ്രൂഷകളിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് സ്ഥാപക അംഗങ്ങൾ, വൈദികർ, ബിഷപ്പുമാർ എന്നിവരുടെ നേതൃത്വത്തിൽ പള്ളിയിലേക്ക് പ്രവേശിക്കും. 1.1 കോടി ദിർഹമാണ് ആകെ ചെലവ്. ഏകദേശം നാല് വർഷം കൊണ്ടാണ് നിർമാണം പൂർത്തിയായത്. യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് പള്ളിക്ക് സ്ഥലം അനുവദിച്ചത്. 1979-ൽ 50 പേരുണ്ടായിരുന്ന ചർച്ച ഓഫ് സൗത്ത് ഇന്ത്യ ഇടവകയിൽ ഇന്ന് 5000-ത്തിലേറെപേരുണ്ട്. ഇതിൽ കേരളത്തിൽനിന്നുള്ളവരാണ് അധികവും. കൂടാതെ കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങി മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ളവരുമുണ്ട്. മെയ് 5 മുതൽ എല്ലാ ഞായറാഴ്ചയും രാവിലെ 9.30 ന് പ്രാർത്ഥനാ ശുശ്രൂഷ നടക്കും.