കുവൈത്തിൽ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കാനൊരുങ്ങി അധികൃതർ. കുവൈത്ത് ആഭ്യന്തര മന്ത്രാലയവും ഗതാഗത വിഭാഗവും സഹകരിച്ചാണ് നിയമനടപടിക്കൊരുങ്ങുന്നത്. നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യും.
വാഹനം ഓടിക്കുന്നതിനിടെ ഫോൺ ഉപയോഗിക്കുന്നതിനാൽ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. വാഹനമോടിക്കുന്നതിനിടെ ഫോട്ടോ, വീഡിയോ എന്നിവ ചിത്രീകരിക്കുന്നതും ലൈവിൽ വരുന്നതും നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നവർക്കും കടുത്ത ശിക്ഷയാണ് ലഭിക്കുക. മൂന്ന് മാസം തടവോ 100 ദിനാർ പിഴയോ രണ്ടും ഒരുമിച്ചോ ചുമത്തപ്പെടും.