വിമാന യാത്രക്കാരനിൽ നിന്നും പണം മോഷ്ടിച്ചെന്ന പരാതിയിൽ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഫിലിപ്പീൻസിലാണ് വിചിത്രമായ സംഭവം. 300 യുഎസ് ഡോളറാണ് യാത്രക്കാരനിൽ നിന്നും ഉദ്യോഗസ്ഥ മോഷ്ടിച്ചത്. മനിലയിലെ നിനോയ് അക്വിനോ രാജ്യാന്തര വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിൽ വച്ച് സെപ്റ്റംബർ എട്ടിനാണു സംഭവം നടന്നത്. മോഷ്ടിച്ച പണം ഉദ്യോഗസ്ഥ ഒളിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ വിഡിയോ ഇപ്പോഴാണ് പുറത്ത് വന്നത്. ഇത് സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലാണ്.
ഉദ്യോഗസ്ഥ പണം വിഴുങ്ങാൻ ശ്രമിക്കുകയും വിരലുകൾകൊണ്ട് പണം വായിലേക്കു തള്ളുന്നതായും വിഡിയോയിൽ കാണാം. ഇതിന് ശേഷം തൂവാലകൊണ്ട് വായ മറച്ചുപിടിക്കുകയും ഇടയ്ക്കു വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ട്. യാത്രക്കാരന്റെ ബാഗിൽ നിന്നാണു ഉദ്യോഗസ്ഥ പണം കവർന്നത് എന്നാണ് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പണം കവർന്ന ഉദ്യോഗസ്ഥയെ അടക്കം നാല് സ്ക്രീനിങ് ഉദ്യോഗസ്ഥരെ അധികൃതർ സസ്പെന്‍ഡ് ചെയ്തു. ഇവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.