യുഎഇയില്‍ ഓഗസ്റ്റ് മാസത്തെ ഇന്ധന വിലയില്‍ കുറവ് പ്രഖ്യാപിച്ച് ഇന്ധന വില സമിതി. തുടര്‍ച്ചയായ മാസങ്ങളിലെ വില വര്‍ദ്ധനവിന് ശേഷം ഇളവുകൾ ലഭ്യമായത് ആശ്വസമെന്ന് വിലയിരുത്തല്‍. പുതുക്കിയ വിലയനുസരിച്ച് പെട്രോളിന് പുറമെ ഡീസലിന് വിലകുറഞ്ഞിട്ടുണ്ട്.
സൂപ്പര്‍ 98 പെട്രോളിന് 4.03 ദിര്‍ഹമാണ് പുതിയ വില. ജൂലൈയില്‍ ഇത് 4.63 ദിര്‍ഹമായിരുന്നു. സൂപ്പര്‍ 95 പെട്രോളിന് 3.92 ദിര്‍ഹമായിരിക്കും ഇൗടാക്കുക. കഴിഞ്ഞമാസം 4.52 ദിര്‍ഹമായിരുന്നു വില. ഇ പ്ലസ് 91 പെട്രോൾ 4.44 ദിര്‍ഹമില്‍നിന്ന് 3.84 ദിര്‍ഹമായി കുറഞ്ഞു. ഡീസല്‍ വിലയിലും ഈ മാസം കുറവ് വന്നിട്ടുണ്ട്. 4.76 ദിര്‍ഹമായിരുന്ന ഡീസല്‍ ലിറ്ററിന് ഇന്ന് മുതല്‍ 4.14 ദിര്‍ഹമായിരിക്കും നല്‍കേണ്ടി വരിക.
കഴിഞ്ഞ മാസത്തെ വിലവര്‍ദ്ധനവോടെ യുഎഇയില്‍ ടാക്സി നിരക്കുകൾ ഉയര്‍ത്തിയിരുന്നു. ആഗോള തലത്തില്‍ ഇന്ധന ഉപയോഗം വര്‍ദ്ധിക്കുന്നതിന്‍റേയും ഉല്‍പ്പാദനം കുറയുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് തുടര്‍മാനമായി വിലവര്‍ദ്ധനവ് ഉണ്ടായത്. യുക്രൈന്‍ – റഷ്യ യുദ്ധം എണ്ണ വിതരണത്തെ ബാധിച്ചതും ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതിന് കാരണമായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ജൂലൈയില്‍ രേഖപ്പെടുത്തിയത്. യുഎഇയില്‍ പെട്രോൾ ഡീസല്‍ വില ആദ്യമായി നാല് ദിര്‍ഹം കടന്നതും ജൂലൈയിലാണ്.
അതേസമയം രാജ്യാന്തര തലത്തില്‍ എണ്ണ വില കുറയാതെ നില്‍ക്കുമ്പോഴും ഒാഗസ്റ്റില്‍ വില കുറയ്ക്കാനുളള നിര്‍ണായ തീരുമാനമാണ് യുഎഇ സ്വീകരിച്ചത്. എണ്ണ ഉത്പാദന രാജ്യങ്ങളായ ഒപെക് കൂട്ടായ്മയുടെ നിലപാടുകളും അഗോള വില നിയന്ത്രണത്തില്‍ ഇടപെടാനുളള അറബ് രാഷ്ട്രങ്ങളുടെ നീക്കവും വ്യക്തമാക്കുന്നതാണ് യുഎഇ നടപടി.
ഇതിനിടെ വില വര്‍ദ്ധിപ്പിക്കില്ലെന്നും നിലവിലുളള വില തുടരുമെന്നും ഖത്തര്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ജിദ്ദയില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ ഇന്ധനവില നിയന്ത്രണവുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനങ്ങൾ എടുത്തിരുന്നു.