യുഎഇയിൽ അനുമതിയില്ലാതെ മറ്റൊരാളുടെ ചിത്രമോ ദൃശ്യമോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവർക്ക് മുന്നറിയിപ്പ്. തടവും പിഴയും ഉൾപ്പെടെ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് കോടതി.
കഴിഞ്ഞ ദിവസം അബുദാബിയിൽ ഒരാൾക്ക് ഇതേ കുറ്റത്തിന് കോടതി 15,000 ദിർഹം (3.38 ലക്ഷം രൂപ) പിഴ വിധിച്ചിരുന്നു. അനുമതിയില്ലാതെ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതു ചോദ്യം ചെയ്തു നൽകിയ കേസിലാണ് വിധി വന്നത്.
കീഴ്കോടതി വിധി അബുദാബി അപ്പീൽ കോടതി ശരിവയ്ക്കുകയും ചെയ്തു. ടിക്ടോക്, സ്നാപ്ചാറ്റ് എന്നിവയിൽ ചിത്രം പോസ്റ്റ് ചെയ്തതിനെതിരെ 51,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട കേസിലായിരുന്നു വിധി.
യുഎഇയിൽ അനുമതിയില്ലാതെ മറ്റൊരാളുടെ ചിത്രമോ ദൃശ്യമോ എടുക്കുക, പകർപ്പെടുക്കുക, സേവ് ചെയ്യുക, സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുക എന്നിവ നിയമവിരുദ്ധമാണെന്ന് അറിയിച്ചു. 6 മാസം തടവും ഒന്നര ലക്ഷം (33.8 ലക്ഷം രൂപ) മുതൽ അഞ്ചു ലക്ഷം ദിർഹം (1.12 കോടി രൂപ) വരെ പിഴയുമാണ് പരമാവധി ശിക്ഷ.