പെർമിറ്റ് ഇല്ലാതെ ഹജ്ജ് തീർത്ഥാടനം നടത്താൻ ശ്രമിക്കുന്നവർക്ക് 10,000 റിയാല്‍ പിഴ ചുമത്തുമെന്ന് പബ്ലിക് സെക്യൂരിറ്റി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സാമി ബിന്‍ മുഹമ്മദ് അല്‍ ശുവൈരേഖ് അറിയിച്ചു. ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവര്‍ അതിനുള്ള പെര്‍മിറ്റ് അധികാരികളില്‍ നിന്ന് നേടിയിരിക്കണം. ഹജ്ജുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് എല്ലാ പൗരന്മാരോടും പ്രവാസികളോടും അല്‍-ശുവൈരെഖ് ആഹ്വാനം ചെയ്തു.
ഹറമിലേക്കും വിശുദ്ധ സ്ഥലങ്ങളിലേക്കും പോകുന്ന എല്ലാ പാതകളിലും ഇടനാഴികളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ ചുമതല നിര്‍വഹിക്കും. സുരക്ഷാ ഉദ്യോഗസ്ഥര്‍ നിയമ ലംഘനങ്ങള്‍ കണ്ടുപിടിക്കുകയും നിയമലംഘകര്‍ക്ക് പിഴ ചുമത്തുകയും ചെയ്യും.
ഹജ്ജ് തീർത്ഥാടകർക്കുള്ള ആദ്യ വിമാനം ദുബായിൽ നിന്ന് പുറപ്പെട്ടു. ദുബായ് സർക്കാർ പ്രതിനിധി സംഘത്തെ വഹിച്ചുള്ള ഔദ്യോഗിക ഹജ്ജ് വിമാനം സൗദിയയാണ് മദീനയിലേക്ക് യാത്ര തിരിച്ചത്. വരും ദിവസങ്ങളിൽ പുറപ്പെടുന്ന തീർത്ഥാടകർക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ദുബായ് എയർപോർട്ട് ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി.
ചെക്ക്-ഇൻ, ഇമിഗ്രേഷൻ, സെക്യൂരിറ്റി എന്നിവയ്ക്കായി പ്രത്യേക കൗണ്ടറുകൾ സജ്ജമാണ്. ഹജ്ജ് വിമാനങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാരെ ഉൾക്കൊള്ളാൻ പ്രത്യേക ഡിപാർച്ചർ ഗേറ്റുകളും ഒരുക്കിയിട്ടുണ്ട്. യാത്രയിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ മതിയായ സമയമുണ്ടെന്ന് ഉറപ്പാക്കാൻ തീർത്ഥാടകർ യാത്രക്ക് നാല് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് ആവശ്യമായ യാത്രാരേഖകൾ ഉണ്ടോയെന്നും പരിശോധിക്കണം. പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി, വാക്സിനേഷൻ കാർഡുകൾ, ഹജ്ജ് പെർമിറ്റ് എന്നിവ കൈവശം ഉണ്ടെന്ന് ഉറപ്പാക്കണം.