പത്തനംതിട്ടയിൽ ഒൻപതാം ക്ലാസുകാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി. എന്നാൽ അക്രമികളുടെ വാഹനം വഴിയിൽ കേടായതോടെ ഇവർ പോലീസിന്റെ പിടിയിലാകുകയും ചെയ്തു. അടൂർ കൊടുമണ്ണിലാണ് സംഭവം. കുട്ടിയേയും പ്രതികളെയും പന്തളം ഇലവുംതിട്ടയിൽ നിന്ന് പോലീസ് കണ്ടെത്തി. പെൺകുട്ടിയുമായി സൗഹൃദമുണ്ടായിരുന്ന ഇലവുംതിട്ട സ്വദേശിയായ അരുൺ ഇലവുംതിട്ട സ്വദേശികളായ ബിജു, ശശി, അഭിഷേക് എന്നിവരാണ് പിടിയിലായത്.
പ്രതികൾക്ക് 18നും 24നും ഇടയിലാണ് പ്രായം. വെള്ളിയാഴ്ച രാത്രി പത്തുമണിക്ക് ശേഷമാണ് ഇവർ ഓട്ടോയിൽ കൊടുമണ്ണിലെ വീട്ടിലെത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. കാലിന് പരിക്കേറ്റ് കിടപ്പിലായ അച്ഛനും, മുത്തശ്ശിയും മാത്രമായിരുന്നു കൊടുമണ്ണിലെ വീട്ടിൽ പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്നത്. ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ അച്ഛനെ സന്ദർശിക്കാനെന്ന വ്യാജേനയായിരുന്നു അരുണും സംഘവും പെൺകുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് ഇവർ പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി കടത്തിക്കൊണ്ടു പോവുകയായിരുന്നെന്ന് പോലീസ് പറയുന്നു. വീട്ടുകാർ ഉടൻ തന്നെ കൊടുമൺ പോലീസിനെ വിവരം അറിയിച്ചു. പെൺകുട്ടിയുമായി സൗഹൃദമുണ്ടായിരുന്ന ഇലവുംതിട്ട സ്വദേശിയായ അരുണിനെക്കുറിച്ചുള്ള വിവരങ്ങളും വീട്ടുകാർ പോലീസിന് കൈമാറി.
ഇതിനെ തുടർന്ന് ഇലവുംതിട്ട പോലീസും കൊടുമൺ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ മെഴുവേലിയിലെ റോഡരികിൽ കേടായ നിലയിൽ കണ്ടെത്തുകയായിരുന്നു. നാലുപ്രതികളെയും സ്ഥലത്തു നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ സുരക്ഷിതമായി വീട്ടിൽ എത്തിക്കുകയും ചെയ്തു. തട്ടിക്കൊണ്ട് പോകലടക്കമുള്ള വകുപ്പുകൾ ചേർത്ത് ഇവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.