പാസ്പോർട്ട് സേവനങ്ങൾ താത്കാലികമായി തടസപ്പെടുമെന്ന് യുഎഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു. വെബ്സൈറ്റ് തകരാർ പരിഹരിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പാസ്പോർട്ട് സേവനങ്ങൾ സെപ്റ്റംബർ 2 വരെയാണ് തടസപ്പെടുക. അതേസമയം വിസ സേവനങ്ങൾക്ക് തടസം നേരിടില്ലെന്നും അധികൃതർ വ്യക്തമാക്കി.
തത്ക്കാൽ പാസ്പോർട്ട്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങൾ ഈ കാലയളവിൽ ലഭ്യമാകില്ല. തകരാർ പരിഹരിച്ച് സെപ്റ്റംബർ 3 മുതൽ പതിവുപോലെ അബുദാബിയിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഈ ദിവസങ്ങളിൽ എംബസിയിൽ എത്താൻ നേരത്തേ സന്ദേശം ലഭിച്ചവർക്ക് പുതുക്കിയ തീയതി എസ്എംഎസ് ആയി ലഭിക്കും. പുതിയതായി അപ്പോയ്ന്റ്മെന്റ് അനുവദിച്ച് കിട്ടുന്ന തീയതിയിൽ എത്തുന്നതിന് അസൗകര്യമുള്ളവർക്ക് ഈ തീയതിക്ക് ശേഷം ബിഎൽഎസ് സേവനകേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്-ഇൻ അടിസ്ഥാനത്തിൽ പാസ്പോർട്ട് അപേക്ഷ നൽകാവുന്നതാണ്. ഇതിന് മറ്റൊരു അപ്പോയ്ന്റ്മെന്റിന്റെ ആവശ്യമില്ല.