അടിയന്തര ഘട്ടങ്ങളിൽ പാസ്പോർട്ട് പുതുക്കൽ ആവശ്യമായവർക്ക് യുഎഇയിലെ 12 കേന്ദ്രങ്ങളിൽ പാസ്പോർട്ട് സേവാ ക്യാമ്പ് വരുന്നു. ജൂൺ 26നാണ് ക്യാമ്പ് നടക്കുന്നത്. അടിയന്തരമായി പാസ്പോർട്ട് പുതുക്കൽ ആവശ്യമായവർക്ക് ക്യാമ്പ് പ്രയോജനപ്പെടുത്താമെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അറിയിക്കുന്നു. ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെ 12 ബിഎൽഎസ് കേന്ദ്രങ്ങളിലാണ് ക്യാമ്പ് നടക്കുക. രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം ആറ് മണി വരെ ഇവിടെ സേവനം ലഭ്യമാണ്.
അടിയന്തരമായി പാസ്പോർട്ട് പുതുക്കേണ്ടവർക്ക് പ്രത്യേകം അപ്പോയിന്റ്‌മെന്റ് ഇല്ലാതെ തന്നെ ക്യാമ്പിലെത്തി അപേക്ഷകൾ സമർപ്പിക്കാം. അല്ലാത്തവർക്ക് മുൻകൂർ അപ്പോയിന്റ്മെന്റ് ആവശ്യമാണ് . തത്കാൽ പാസ്പോർട്ട് അപേക്ഷകർ, ചികിത്സ, മരണം തുടങ്ങിയ സാഹചര്യങ്ങളിൽ പാസ്പോർട്ട് പുതുക്കേണ്ടവർ, നവജാത ശിശുവിനുള്ള പാസ്പോർട്ട്, മുതിർന്ന പൗരന്മാരുടെ പാസ്പോർട്ട്, ഔട്ട് പാസ് തുടങ്ങിയ ആവശ്യങ്ങൾക്ക് ക്യാമ്പിൽ രേഖകളുമായി നേരിട്ടെത്തി അപേക്ഷ നൽകിയാൽ മതിയാകും.
ദുബായിൽ അൽ ഖലീജ് സെന്റർ, ദേര സിറ്റി സെന്റർ, ബുർദുബായ് പ്രീമിയം ലോഞ്ച് സെന്റർ, ബനിയാസിലെ കെഎംസിസി സെന്റർ, ഷാർജയിൽ എച്ച്എസ്ബിസി ബാങ്ക് സെന്റർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ, ഖോർഫുക്കാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്, അജ്മാനിലെ ഇന്ത്യൻ അസോസിയേഷൻ, ഉമ്മുൽ ഖുവൈൻ ദുബായ് ഇസ്‌ലാമിക് ബാങ്ക് കെട്ടിടത്തിലെ കേന്ദ്രം, റാസൽഖൈമയിലെ സ്പെഷ്യലിസ്റ്റ് മെഡിക്കൽ സെന്ററിന് പുറകിൽ, റാസൽഖൈമ ഇന്ത്യൻ സ്കൂളിന് സമീപത്തെ ഇന്ത്യൻ റിലീഫ് കമ്മിറ്റി, ഫുജൈറയിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് എന്നീ സ്ഥലങ്ങളിലാണ് പാസ്പോർട്ട് സേവാ ക്യാമ്പുകൾ തുറക്കുന്നത്.