ഇത്തിഹാദ് എയർവേയ്‌സ് വിമാനത്തിൽ സഞ്ചരിച്ച യാത്രക്കാരന് അഞ്ചാംപനി സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്ന് ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലേയ്ക്ക് പോവുകയായിരുന്ന യാത്രക്കാരനാണ് പനി സ്ഥിരീകരിച്ചത്. സംഭവത്തെത്തുടർന്ന് വിമാനത്തിൽ യാത്ര ചെയ്ത യാത്രക്കാരോട് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (എച്ച്എസ്ഇ) ഓഫീസുമായി ബന്ധപ്പെടാൻ അധികൃതർ നിർദേശിച്ചു.
മാർച്ച് 9 ന് EY045 വിമാനത്തിൽ യാത്ര ചെയ്ത ഒരു യാത്രക്കാരനാണ് അഞ്ചാംപനി സ്ഥിരീകരിച്ചതായി എത്തിഹാദ് എയർവേയ്‌സ് അധികൃതർ വ്യക്തമാക്കിയത്. ഈ വർഷം അയർലണ്ടിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ അഞ്ചാംപനി രോഗബാധയാണിത്. ശനിയാഴ്ച ഈ വിമാനത്തിൽ യാത്ര ചെയ്തവരെല്ലാം വീട്ടിൽ ഒരു പ്രത്യേക മുറിയിൽ തന്നെ തുടരാനും രോഗലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
കുട്ടികളിൽ സാധാരണമായി കണ്ടുവരുന്ന അഞ്ചാംപനി ഒരു വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയും വായുവിലൂടെ പകരുന്ന രോഗവുമാണ്. രോഗബാധിതനായ ഒരാൾ ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഇത് എളുപ്പത്തിൽ മറ്റുള്ളവരിലേയ്ക്കും പടരും. ചുണങ്ങ് ആണ് വളരെ വേഗം ദൃശ്യമാകുന്ന ലക്ഷണം. രോഗബാധയേറ്റ് ഏകദേശം 4 മുതൽ 7 ദിവസങ്ങൾക്ക് ശേഷമാണ് ചുണങ്ങ് ദൃശ്യമാകുക. സാധാരണയായി മുഖത്തും കഴുത്തിൻ്റെ മുകൾ ഭാഗത്തുമാണ് ചുണങ്ങ് കാണുന്നത് ആരംഭിക്കുക. ഇതിന് പുറമെ മൂക്കൊലിപ്പ്, ചുമ, ചുവന്നതും നനഞ്ഞതുമായ കണ്ണുകൾ, കവിളുകൾക്കുള്ളിൽ ചെറിയ വെളുത്ത പാടുകൾ, അന്ധത, കഠിനമായ വയറിളക്കം, ചെവിയിലെ അണുബാധ, ന്യുമോണിയ ഉൾപ്പെടെയുള്ള ശ്വസന പ്രശ്നങ്ങളാണ് അഞ്ചാംപനിയുടെ ലക്ഷണങ്ങൾ.