യാത്രക്കാരൻ വിമാന യാത്രക്കിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു. ദില്ലിയിൽ നിന്നും ചെന്നൈയിലേക്കുള്ള യാത്രക്കിടെയാണ് യാത്രക്കാരനിൽ നിന്ന് അപ്രതീക്ഷിത നീക്കമുണ്ടായത്. ഇൻഡിഗോ വിമാനത്തിലാണ് സംഭവം. വിമാനം ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥർക്ക് ഇയാളെ കൈമാറി. യാത്രക്കാരൻ എന്തിനാണിങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല.
ചൊവ്വാഴ്ച രാത്രി ദില്ലിയിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ 6ഇ 6341 വിമാനത്തിലാണ് യാത്രക്കാരെയാകെ പരിഭ്രാന്തരാക്കിയ സംഭവം ഉണ്ടായത്. മണികണ്ഠൻ എന്നയാളാണ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. ഉടനെ വിമാനത്തിലെ ജീവനക്കാർ ഇയാളെ തടഞ്ഞു. ഇൻഡിഗോ എയർലൈൻ അധികൃതർ സംഭവം നടന്നതായി സ്ഥിരീകരിച്ചു. യാത്രക്കാരോട് ക്ഷമാപണം നടത്തി പ്രസ്താവന ഇറക്കുകയും ചെയ്തു-
“ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്കുള്ള 6ഇ 6341 വിമാനത്തിലെ യാത്രക്കാരൻ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചു. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം അനുസരിച്ച്, വിമാനം ലാൻഡ് ചെയ്തപ്പോൾ യാത്രക്കാരനെ അധികൃതർക്ക് കൈമാറി. വിമാനത്തിൻറെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. മറ്റ് യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നു”- ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.