ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ചെത്തിയ യാത്രക്കാരൻ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ചെന്ന് പരാതി. ഡൽഹി – ബംഗളൂരു വിമാനത്തിലാണ് സംഭവമുണ്ടായത്. ഇയാളെ ബംഗളൂരു സിഐഎസ്എഫിന് കൈമാറി.വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ഇൻഗിഡോ അധികൃതർ അറിയിച്ചു.
ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് വരുകയായിരുന്ന 6E 308 വിമാനത്തിലാണ് സംഭവം .യാത്രക്കാരൻ എമർജൻസി ഡോർ തുറക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വിമാനത്തിലെ ജീവനക്കാർ തത്സമയം ഇടപെടുകയായിരുന്നു. എന്നാൽ വിമാനത്തിൻ്റെ സുരക്ഷിത പ്രവർത്തനം തടസ്സപ്പെട്ടില്ലെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയർലൈൻ വക്താവ് അറിയിച്ചു. അപമര്യാതയായി പെരുമാറിയതിന് യാത്രക്കാരനെതിരേ വിമാനത്താവളത്തിലെ പൊലീസ് സ്റ്റേഷനിൽ എഫ്ഐആറും റജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം സമാന സംഭവങ്ങൾ ആവർത്തിക്കുന്നതിനെതിരേ പരാതി ശക്തമാണ്. ജനുവരിയിൽ ഗോ ഫസ്റ്റ് വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിനോട് വിദേശ ടൂറിസ്റ്റായ യാത്രക്കാരൻ മോശമായി പെരുമാറിയതായത് വലിയ വാർത്തകളായിരുന്നു.എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് ഒരാൾ മൂത്രമൊഴിച്ച സംഭവവും നാണക്കേടുണ്ടാക്കി. നടൻ ഷൈൻ ടോം ചാക്കോ എയർ ഇന്ത്യയുടെ കോക്പിറ്റിലേക്ക് കയറാൻ ശ്രമിച്ചതും വാർത്തകൾക്ക് വഴിയൊരുക്കിയിരുന്നു.