ദുബായിലെ ഏറ്റവും വലിയ പണമടച്ചുള്ള പൊതു പാർക്കിംഗ് സേവനങ്ങൾ നൽകുന്ന കമ്പനിയാണ് പാർക്കിൻ. ദുബായ് എയർ ടാക്‌സികൾ പുറപ്പെടുന്ന സ്ഥലങ്ങളിലെ പാർക്കിംഗ് സൗകര്യങ്ങൾ നിയന്ത്രിക്കാനൊരുങ്ങുകയാണ്
കമ്പനി. എയർ ടാക്സി പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ദുബായിലെ നാല് തന്ത്രപ്രധാനമായ സ്റ്റേഷനുകളാണ് ഉൾപ്പെടുന്നത്. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട്, ഡൗൺടൗൺ, ദുബായ് മറീന, പാം ജുമൈറ എന്നിവയാണ് സ്റ്റേഷനുകൾ.
ഇതുമായി ബന്ധപ്പെട്ട് അഡ്വാൻസ്ഡ് എയർ മൊബിലിറ്റി വ്യവസായത്തിനായി വെർട്ടിപോർട്ട് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചറുമായി കമ്പനി കരാറിൽ ഒപ്പിട്ടു. എയർ ടാക്‌സി സേവനങ്ങൾ വിപുലീകരിക്കുന്നതിനായി പാർക്കിൻ്റെ നെറ്റ്‌വർക്കിലുടനീളം പുതിയ എയർ ടാക്സി ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
വിപുലമായ പാർക്കിംഗ് ശൃംഖല ആരംഭിച്ച് നഗരത്തിലുടനീളമുള്ള താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ ഉപകാരപ്രദമാക്കുമെന്നും ദുബായിയുടെ ഹരിത മൊബിലിറ്റിയെ പിന്തുണയ്ക്കുമെന്നും പാർക്കിൻ സിഇഒ മുഹമ്മദ് അബ്ദുല്ല അൽ അലി പറഞ്ഞു.