ആരായിരുന്നു യാസർ അറാഫത്ത്, പലസ്തീൻ്റെ ലോകം ആദരിക്കുന്ന പോരാളി. തൻ്റെ ജീവിതത്തിലെ അഞ്ച് പതിറ്റാണ്ടിലധികം പലസ്തീൻ വിമോചനത്തിനായുള്ള പോരാട്ടത്തിനു നേതൃത്വം നൽകിയ നേതാവ്. 2004 നവംബർ 11 മരണം കീഴടക്കും വരെ ഒരു ജനതയുടെ വികാരവും പ്രതീക്ഷയും പോരാട്ടവും അയാളായിരുന്നു.
ഈജിപ്റ്റിലെ കൈറോവിൽ പലസ്തീനിയൻ ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിയായാണ് യാസർ അറാഫത്തിൻ്റെ ജനനം. പിതാവ് അബ്ദുൽ റഊഫ് അൽ ഖുദ്വ അൽ ഹുസൈനി പലസ്തീനിലെ ഗാസാ സ്വദേശിയും മാതാവ് സൗഹ അബുൽ സഊദ് ജറുസലേംകാരിയുമാണ്. അക്കാലത്ത് പലസ്തീൻ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നു.
തൻ്റെ ബിരുദ കാലത്ത് സംഘർഷഭരിതമായിരുന്നു നാട്ടിലെ സ്ഥിതിഗതികൾ. 1948-ൽ ബ്രിട്ടീഷുകാരും സയണിസ്റ്റ് സംഘടനകളും ചേർന്ന് പലസ്തീനിനെ വിഭജിച്ച് ഇസ്രായേൽ എന്ന രാജ്യമുണ്ടാക്കി. ഇതോടെ അസംഘിടതരായിരുന്ന ലോകത്തുടനീളമുളള ജൂതർ അന്നാട്ടിലേക്ക് ആനയിക്കപ്പെട്ടു. പലസ്തീനികൾ അഭയാർത്ഥികളായിമാറി. നീക്കങ്ങൾ അറബ് ഇസ്രായേൽ യുദ്ധത്തിനും വഴിമരുന്നിട്ടു.
സിവിൽ എഞ്ചിനിയറായിരുന്ന അറഫാത്ത് 1952 മുതൽ 1956 വരെ ജനറൽ യൂണിയൻ ഓഫ് പലസ്തീൻ സ്റ്റുഡൻ്റസിൻ്റെ പ്രസിഡൻ്റ് പദവി വഹിച്ചിരുന്നു. പിന്നീട് 1958ൽ പലസ്തീൻ അഭയാർത്ഥികളുമായി ചേർന്ന് ഫത്ത എന്ന സംഘടനക്ക് രൂപം കൊടുത്തു. ഇതോടെ ഇസ്രായേലിനെതിരേ വിമോചന സമരങ്ങൾക്ക് അറാഫത്ത് നേതൃത്വം നൽകിത്തുടങ്ങി.
1964-ലാണ് അറബ് ലീഗ് പിന്തുണയോടെ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ രൂപപ്പെടുന്നത്. സംഘടനയുടെ ചെയർമാൻ സ്ഥാനത്ത് അറാഫത്ത് നിയോഗിതനായി. 1967 ആയപ്പോഴേക്കും സംഘടനയ്ക്ക് ഭരണസ്വഭാവം കൈവരികയും പലസ്തീൻ്റെ ഔദ്യോഗിക വക്താക്കൾ എന്ന നിലയിലേക്ക് ഉയരുകയും ചെയ്തു. അറാഫത്തിനും അറാഫത്തിൻ്റെ നീക്കങ്ങൾക്കും ലോകരാജ്യങ്ങളുടെ അംഗീകാരം ലഭിക്കുകയും ഇസ്രായേൽ പോരാട്ടങ്ങളെ അതിജീവിക്കുകയും ചെയ്തതോടെ യാസർ അറാഫത്ത് പലസ്തീൻകാരുടെ അനിഷേധ്യ നേതാവായിമാറി.
എൺപതുകളിൽ സമാധാനത്തിൻ്റെ മാർഗമാണ് യാസർ അറാഫത്ത് സ്വീകരിച്ചത്. നിരന്തരമായ പരിശ്രമങ്ങൾക്കും ചർച്ചകൾക്കും ശേഷം ഇസ്രായേലുമായി സമാധാന കരാർ ഒപ്പുവയ്ക്കുന്നതിലേക്ക് വഴിതുറന്നു. 1993 ലാണ് പ്രസിദ്ധമായ ഓസ് ലോ കരാർ ഇരു രാജ്യങ്ങളും ഒപ്പിടുന്നത്. കരാർ ഇസ്രയേൽ പ്രധാനമന്ത്രി ഇസഹാക്ക് റബീനും യാസർ അറഫാത്തിനും സമാധാനത്തിനുളള നൊബെൽ സമ്മാനം നേടിക്കൊടുത്തു.
ഇതിനിടെ യാസർ അറാഫത്തിൻ്റെ നീക്കങ്ങളോട് വിയോചിച്ച ചില സംഘടനകൾ രൂപംകൊണ്ടു. ഹമാസ് പോലെയുളള സംഘങ്ങൾ പുതിയ പോരാട്ടങ്ങൾ ആരംഭിക്കുകയും ചെയ്തു. പത്തൊൻപതാം നൂറ്റാണ്ടി ജൂതരിൽ രൂപംകൊണ്ട സയണിസ്റ്റ് ചിന്താഗതിപേറുന്ന ഇർഗുൻ,ഹഗന്ന,ലേഹ് പോലെയുളള സംഘങ്ങൾ ഇസ്രായേൽ പക്ഷത്തും നിലകൊണ്ടു. സമാധാന ശ്രമങ്ങൾ പാളിയതോടെ ചെറുതും വലുതുമായ ഇസ്രായേൽ പലസ്തീൻ പോരാട്ടങ്ങൾക്കാണ് ലോകം സാക്ഷ്യം വഹിച്ചത്.
2001-ൽ ഇസ്രയേൽ ടാങ്കുകൾ രാമള്ളയിലെ അറഫാത്തിൻ്റെ ആസ്ഥാനം വളഞ്ഞു. വീട്ടുതടങ്കലായ യാസർ അറാഫത്തിൻ്റെ ജീവിതം പിന്നീട് ദുസ്സഹമാവുകയായിരുന്നു. 2004ൽ രോഗം മൂർച്ഛിച്ചു. ലോകരാജ്യങ്ങളുടെ ഇടപെടലിൽ അറാഫത്തിനെ വിദേശത്തെത്തിച്ച് ചികിത്സ നൽകാൻ കഴിഞ്ഞെങ്കിലും മരണത്തെ തടുക്കാൻ കഴിഞ്ഞില്ല. ദുരൂഹതകൾ ഉയർത്തിയുള്ള യാസർ അറാഫത്തിൻ്റെ മരണത്തിന് പിന്നിൽ യിസ്രായേലിനെ സംശയിക്കുന്നവരും ഇതിനിടെ രംഗത്തെത്തി.
ആധുനിക നൂറ്റാണ്ട് കണ്ട ഏറ്റവും സംഘടിതമായ കുടിയേറ്റത്തിൻ്റേയും കുടിയിറക്കത്തിൻ്റേയും ചരിത്രമാണ് യിസ്രായേലിൻ്റേയും പലസ്തീൻ്റേയും രാഷ്ട്രീയ സംഘർഷങ്ങൾക്ക് പിന്നിൽ. ബ്രിട്ടനും അമേരിക്കയും നടത്തിയ നീക്കങ്ങൾ ഇരു വിഭാഗത്തേയും വൈകാരികതലത്തിലാണ് സ്വീധീനിച്ചത്. മതമൌലികവാദവും രാഷ്ട്രീയ ചേരിതിരിവും ശക്തമായ കാലത്ത് എഴുപത്തിയഞ്ചാം വയസ്സിലായിരുന്നു യാസർ അറാഫത്തിൻ്റെ വിടവാങ്ങൽ. അപ്പോഴേക്കും ലോകത്തിന് മുന്നിൽ പലസ്തീൻ്റെ മുഖമായി മാറാൻ യാസർ അറാഫത്തിന് കഴിഞ്ഞിരുന്നു. പലസ്തീൻ ജനതയുടെ മനസ്സായി മാറാനും.