ട്വന്റി -20 സെമിഫൈനലില്‍ ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിന് തകർത്ത് പാകിസ്ഥാന്‍ ഫൈനലില്‍. ന്യൂസിലണ്ട് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകൾ ബാക്കിനില്‍ക്കെ പാകിസ്ഥാന്‍ മറികടന്നു. നായകന്‍ ബാബര്‍ അസം, വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ നേടിയ തകർപ്പൻ അർധസെഞ്ചുറികളാണ് പാകിസ്ഥാന് തുണയായത്.
ആദ്യ ഓവര്‍ തൊട്ട് ആക്രമിച്ച് കളിച്ച ഇരുവരും 5.4 ഓവറില്‍ സ്‌കോര്‍ 50 കടത്തി. ബാബര്‍ 42 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെ സഹായത്തോടെ 53 റണ്‍സെടുത്തു. റിസ്വാന്‍ 43 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികളോടെ 57 റണ്‍സെടുത്തു. വെറും 73 പന്തുകളില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 100 റണ്‍സ് അടിച്ചെടുത്തു. ന്യൂസിലന്‍ഡിനായി ട്രെന്റ് ബോള്‍ട്ട് 2 വിക്കറ്റെടുത്തു. സാന്റനര്‍ ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസീലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തിലാണ് 152 റണ്‍സെടുത്തത്. മൂന്നാം പന്തില്‍ തന്നെ ഫിന്‍ അലനെ (4) നഷ്ടമായത് ന്യൂസിലണ്ടിന് തിരിച്ചടിയായി. നാലാം വിക്കറ്റില്‍ വില്യംസണ്‍ – ഡാരില്‍ മിച്ചല്‍ സഖ്യം 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 46 റണ്‍സെടുത്ത വില്യംസ് 17ആം ഓവറില്‍ മടങ്ങിയതോടെ കളി നിയന്ത്രണം പാകിസ്ഥാന്‍ ഏറ്റെടുക്കുകയായിന്നു.
പാകിസ്ഥാന്റെ മൂന്നാം ട്വന്റി 20 ലോകകപ്പ് ഫൈനലാണിത്. 2007 ഫൈനലില്‍ ഇന്ത്യയോട് തോറ്റപാകിസ്ഥാന്‍ 2009ല്‍ കിരീടം നേടിയിട്ടുണ്ട്. അതേസമയം ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനല്‍ നാളെ നടക്കും. ഞായറാഴ്ചയാണ് ഫൈനല്‍.