അജ്മാനിൽ പെയ്ഡ് പാർക്കിങ് വ്യാപിപ്പിക്കാൻ തീരുമാനിച്ച് മുനിസിപ്പാലിറ്റി. ഇതിന്റെ ഭാഗമായി നഗരത്തിലെ മൂന്ന് സ്ഥലങ്ങളിൽ ഇന്ന് മുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.
അജ്‌മാൻ റിങ് റോഡ്, കോളജ് സ്ട്രീറ്റ്, ഹമീദിയ മേഖലയിലെ ഇമാം ശാഫിഇ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് ഇന്ന് മുതൽ പാർക്കിങിന് ഫീസ് ഈടാക്കുക. ഈ മേഖലയിലെ പാർക്കിങ് സ്ഥലങ്ങൾ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കുകയും മികച്ച പാർക്കിങ് സൗകര്യം ഒരുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പെയ്ഡ് പാർക്കിങ് ഏർപ്പെടുത്തിയതെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.
ഈ മേഖലകളിൽ ഇനി മുതൽ വാഹനങ്ങൾ നിർത്തിയിടുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും പാർക്കിങ് ഫീസ് നൽകുന്നതിൽ വീഴ്ച വരുത്തുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനുപുറമെ പുതിയ സംവിധാനത്തിലൂടെ പാർക്കിങ് ഫീസ് അടയ്ക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പാർക്കിങ് മേഖലയിലെ മീറ്ററുകൾക്ക് പുറമേ 5155 എന്ന നമ്പറിലേക്ക് നിശ്ചിത ഫോർമാറ്റിൽ എസ്.എം.എസ് അയച്ചും പാർക്കിങ് ഫീസ് അടക്കാൻ സാധിക്കും.