മുസ്ലിം ലീഗിനെ കൂടെക്കൂട്ടാൻ പല തന്ത്രങ്ങളും പയറ്റി വരുകയാണ് ഇടതുപക്ഷം. ലോക്സഭാ മൂന്നാം സീറ്റ് വിഷയം വന്നപ്പോഴും ഇടതുപക്ഷം ആകെ ഒന്നു പയറ്റി നോക്കി ലീഗിനെ ഇടതുപാളയത്തിൽ എത്തിക്കാൻ. എന്തൊക്കെ സംഭവിച്ചാലും കൂറുമാറുന്ന പാർട്ടിയല്ല ലീഗെന്ന് ആവർത്തിക്കുകയാണ് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
മുസ്ലിം ലീഗ് സി.പി.എമ്മിനെ കടിച്ചുകീറി വിമർശിക്കാത്തതിന്റെ അർഥം അവരുമായി സഖ്യത്തിലാവാൻ പോവുന്നുവെന്നല്ലെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു. ഞങ്ങളങ്ങനെ കൂറുമാറുന്ന പാർട്ടിയല്ല. വലിയ സംഭവവികാസങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിലേ അങ്ങനെയൊക്കെ സംഭവിക്കൂ എന്നും അദ്ദേഹം പറയുന്നു.
പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ലീഗ് ഇടതുപക്ഷത്തേക്ക് കൂടുമാറുമെന്ന പ്രചാരണം വെറുതെയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ പൊന്നാനിയിൽ നല്ലൊരു മത്സരം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ ഇടതുമുന്നണിയുടെ പൊന്നാനി പരീക്ഷണം ഫ്ലോപ്പാണെന്നും അദ്ദേഹം പറഞ്ഞു. ആവനാഴിയിലെ എല്ലാ അടവുകളും ഇടതുപക്ഷം ഇവിടെ പയറ്റിയതാണ്. ഇനിയൊന്നും ഇവിടെ ഇടതുപക്ഷത്തിന് പരീക്ഷിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.