വാഹനങ്ങളിൽ കൂളിങ് ഫിലിം ഒട്ടിച്ചത് കൂടിയാൽ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി ഉമ്മുൽ ഖുവൈൻ പൊലീസ്. വാഹനങ്ങളുടെ ഡോറുകളിലും വിൻഡ് ഷീൽഡിലും കൂളിങ് ഫിലിം 30 ശതമാനത്തിൽ കൂടുതൽ ഒട്ടിച്ചാൽ 1,500 ദിർഹം പിഴയായി ഈടാക്കുമെന്നാണ് പൊലീസ് അറിയിച്ചത്. കൂടാതെ പെയിന്റ് ചെയ്യാൻ അനുവാദമില്ലാത്ത വാഹനങ്ങൾ പെയിന്റ് ചെയ്യുന്നതും നിയമവിരുദ്ധമാണെന്നും പിഴ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.
ഗൾഫ് മേഖലയിലെ കടുത്ത വേനലിൽ നിന്നും രക്ഷനേടാനായാണ് വാഹനങ്ങളിൽ കൂളിങ് ഷീറ്റുകൾ ഒട്ടിക്കുന്നത്. നിർമ്മാണ കമ്പനികൾ കൂളിങ് ഫിലിമുകൾ ഒട്ടിച്ചാണ് നിലവിൽ വാഹനങ്ങൾ പുറത്തിറക്കുന്നതും. എന്നാൽ, ചിലർ ഇത് 50 ശതമാനവും നൂറ് ശതമാനവുമായി ഉയർത്തുന്നുണ്ട്. യുഎഇ നിയമപ്രകാരം ഇത് നിയമവിരുദ്ധമാണ്. അതിനാൽ വാഹനങ്ങൾ ഓടിക്കുമ്പോൾ ഇവ നീക്കം ചെയ്തതായി ഉറപ്പുവരുത്തണമെന്നും ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്നും പൊലീസ് അറിയിച്ചു.