ഒരു ഇടവേളയ്ക്ക് ശേഷം പൂര്‍ണിമ ഇന്ദ്രജിത്ത് മലയാള സിനിമയിലേയ്ക്ക് തിരികെയെത്തുന്ന ചിത്രമായ ഒരു കട്ടിൽ ഒരു മുറി നാളെ തിയേറ്ററിലേയ്ക്ക്. കിസ്മത്ത്, തൊട്ടപ്പൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കട്ടിൽ ഒരു മുറി. രഘുനാഥ് പാലേരിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
നഗരത്തിലേക്ക് അവിചാരിതമായി എത്തിച്ചേർന്ന രണ്ട് കഥാപാത്രങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഒറ്റപ്പെട്ടുപോയ മനുഷ്യർ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന അരക്ഷിതത്വവും ഏകാന്തതയും അത് അവരിലുണ്ടാക്കുന്ന പക്വമായ വൈകാരിക തലങ്ങളുമാണ് ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.
ചിത്രത്തിൽ പൂർണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ കൃഷ്‌ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷമ്മി തിലകൻ, വിജയരാഘവൻ, ജാഫർ ഇടുക്കി, രഘുനാഥ് പാലേരി, ജനാർദനൻ, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി തുടങ്ങി അഭിനേതാക്കളുടെ നീണ്ടനിര തന്നെ ചിത്രത്തിലുണ്ട്. സപ്‌ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സപ്‌ത തരംഗ് ക്രിയേഷൻസ്, സമീർ ചെമ്പയിൽ, രഘുനാഥ് പാലേരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.